കൊച്ചി: മകൻ കടം വാങ്ങിയ എട്ടു ലക്ഷം രൂപ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള അമ്മയുടെ പരാതി വനിതാ കമ്മീഷൻ മെഗാ അദാലത്തിലെത്തി. ഈ പരാതിയിൽ നേരത്തെ ജില്ലാ കളക്ടറും വനിതാ കമ്മീഷനും അമ്മയ്ക്കനുകൂലമായി ഉത്തരവുകൾ നൽകിയിരുന്നു. ഇതു നടപ്പാക്കാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്താൻ ജില്ലാ കളക്ടറെ കമ്മീഷൻ ചെയർപേഴ്സണ്‍ എം.സി. ജോസഫൈൻ ചുമതലപ്പെടുത്തി.
മക്കളുടെ സംരക്ഷണമാവശ്യപ്പെട്ടു മാതാപിതാക്കൾ നൽകിയ അഞ്ചു പരാതികളും അദാലത്തിലെത്തിയതിൽപ്പെടുന്നു. തന്റെ സ്ഥാപനത്തിന്റെ ബോർഡ് മറച്ചു മറ്റൊരു ബോർഡ് സ്ഥാപിച്ചെന്നു കാണിച്ചു വീട്ടമ്മ നൽകിയ പരാതിയിൽ അവർക്കനുകൂലമായി കമ്മീഷൻ നൽകിയ നിർദേശം നടപ്പാക്കാത്ത പെരുന്പാവൂർ നഗരസഭാ സെക്രട്ടറിയെ കമ്മീഷൻ വിമർശിച്ചു. സ്ഥലം സന്ദർശിച്ചു തുടർ നടപടികൾ സ്വീകരിക്കാനും കമ്മീഷൻ തീരുമാനിച്ചു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ നടന്ന മെഗാ അദാലത്തിൽ 95 പരാതികളാണ് പരിഗണനയ്ക്ക് ഉണ്ടായിരുന്നത്. ഇതിൽ 23 പരാതികൾ പരിഹരിച്ചു. ഒൻപതെണ്ണം വിവിധ വകുപ്പുകളുടെ റിപ്പോർട്ടിനായി മാറ്റി. 63 പരാതികൾ ഓഗസ്റ്റ് മൂന്നിനു നടക്കുന്ന അടുത്ത അദാലത്തിൽ പരിഗണിക്കും. കമ്മീഷനംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടർ വി.യു. കുര്യാക്കോസ് എന്നിവരും അദാലത്തിൽ പങ്കെടുത്തു.