രക്തദാനം പോലെതന്നെ മഹത്തായ ഒരു കാര്യമായാണ് ബീജദാനവും കണക്കാക്കുന്നത്. ഇത്തരത്തില്‍ ബീജം ദാനം ചെയ്യാനായി ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും ബ്രിസ്ബെയിനിലേക്ക് പറക്കാനൊരുങ്ങുകയായിരുന്നു 37കാരനായ ആദം ഹൂപ്പര്‍.
10 ദിവസത്തെ ടൂറിനായി എത്തുന്ന ആദത്തെ കാത്തിരിക്കുന്നത് ഒരു ഡസനോളം സ്ത്രീകളാണ്. കുട്ടികളില്ലാത്ത സ്ത്രീകള്‍ക്കും സ്വവര്‍ഗ ദമ്പതികള്‍ക്കും ബീജം ദാനം ചെയ്യുക എന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നയാളാണ് ആദം.
ആദത്തിന്റെ വരവില്‍ ഒരു കുഞ്ഞെന്ന സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ബീജദാനത്തിന് പണം വാങ്ങുന്നത് ഓസ്ട്രേലിയയില്‍ നിയമവിരുദ്ധമാണ്.
എന്നാല്‍ ആദത്തിന്റെ യാത്ര, താമസം, ഭക്ഷണം, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം ബീജം കാത്തിരിക്കുന്നവര്‍ വഹിക്കണം.
ആവശ്യക്കാര്‍ക്ക് ഒരു കപ്പിലാക്കി ആദം ബീജം നല്‍കും. ബീജദാതാവിന്റെ വിവരങ്ങള്‍ 18 വര്‍ഷം വരെ സംരക്ഷിക്കപ്പെടുന്ന രാജ്യമാണ് ഓസ്ട്രേലിയ.
അതായതു കുഞ്ഞുങ്ങള്‍ അവരുടെ അച്ഛന് ആരാണെന്ന് 18 വയസ്സ് കഴിഞ്ഞേ അറിയൂ. എന്നാല്‍ ഇക്കാര്യത്തില്‍ ആദത്തിന് നിര്‍ബന്ധങ്ങളില്ല.
18 വയസ്സ് ആകുന്നതിന് മുന്‍പ് കുട്ടികളോട് തന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അമ്മമാര്‍ക്ക് ഇദ്ദേഹം അനുവാദം നല്കുന്നു.
മാത്രമല്ല കുട്ടികള്‍ക്ക് ആദത്തെ വന്നു കാണാനും ആവശ്യമുള്ളപ്പോള്‍ വിളിക്കാനും സാധിക്കും. ഇക്കാരണങ്ങള്‍ കൊണ്ടാണ് ആദത്തിന്റെ ബീജത്തിന് ആവശ്യക്കാര്‍ കൂടുതലുള്ളത്.
സ്വന്തമായി രണ്ട് മക്കളുള്ള ആദത്തിന് ബീജദാനത്തിലൂടെ 20 കുട്ടികളാണുള്ളത്. തന്റെ കുഞ്ഞുങ്ങളുടെ അമ്മമാര്‍ പരസ്പരം അറിയണമെന്നും കുട്ടികള്‍ തമ്മിലൊരു ബന്ധം നിലനിര്‍ത്തണമെന്നുമാണ് ആദത്തിന്റെ ആഗ്രഹം.
1500ലധികം അംഗങ്ങളുള്ള ‘സ്പേം ഡോണേഴ്സ് ഓസ്ട്രേലിയ’ ഫേസ്ബുക്ക് ഗ്രൂപ്പ് വഴിയാണ് ബീജദാതാക്കളെ സ്ത്രീകളും സ്വവര്‍ഗ ദമ്പതികളും കണ്ടെത്തുന്നത്.
ആദത്തിന്റെ യാത്ര വേളയില്‍ അണ്ഡോത്പാദനം നടക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ ബീജം സ്വീകരിക്കാന്‍ കഴിയൂ.
കോവിഡ് മഹാമാരിക്കുശേഷം ബീജം ദാനം ചെയ്യാന്‍ മുന്നോട്ട് വരുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതായാണ് ‘സ്പേം ഡോണേഴ്സ് ഓസ്ട്രേലിയ’യുടെ നിരീക്ഷണം.
അതേ സമയം പങ്കാളിയില്ലാതെ അമ്മമാരാകാന്‍ ആഗ്രഹിക്കുന്നവരുടെയും കുഞ്ഞുങ്ങളെ വേണമെന്ന് ആഗ്രഹിക്കുന്ന സ്വവര്‍ഗ്ഗ ദമ്പതികളുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായെന്നും അധികൃതര്‍ ഡെയ്ലി മെയിലിനോട് പറഞ്ഞു.
ആദത്തിനെ പോലെയുള്ളവരുടെ അനിയന്ത്രിതമായ ബീജദാനങ്ങള് കൂടുതല്‍ സ്ത്രീകളെ ഔദ്യോഗിക സംവിധാനങ്ങളുടെ പിന്തുണയില്ലാതെ ഗര്‍ഭം ധരിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.