കോട്ടയം: നാട്ടിന്പുറങ്ങളിലെ പറമ്പുകളില് ആര്ക്കും വേണ്ടാതെ കിടന്നിരുന്ന എടന ഇലയ്ക്കും ഡിമാൻഡായി. കുമ്പിളപ്പം ഉണ്ടാക്കാന് മാത്രമായിരുന്നു എടന ഇലയുടെ ഉപയോഗം. ഇപ്പോഴിതാ നല്ല ഇല തന്നാല് ഒരിലയ്ക്ക് ഒരു രൂപ നല്കാമെന്ന് വാഗ്ദാനവുമായി നീലുര് പ്രൊഡ്യൂസര് കമ്പനി രംഗത്തെത്തി.
ഒന്പത് ഇഞ്ച് നീളവും നാല് ഇഞ്ച് വീതിയുമുള്ള കേടില്ലാത്ത ഇലകള് നല്കണം. എത്ര ഇല ഉണ്ടെങ്കിലും എടുക്കുമെന്നും കമ്പനി സോഷ്യൽ മീഡിയ വഴി നൽകിയ പരസ്യത്തില് പറയുന്നു. കുമ്പിളപ്പം വലിയ തോതില് കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് നീലൂര് പ്രൊഡ്യൂസര് കമ്പനി.
മീനച്ചില് താലൂക്കിലും പരിസര പ്രദേശങ്ങളിലും കുമ്പിളപ്പത്തിനു പൂച്ചയപ്പം എന്നും വിളിപ്പേരുണ്ട്. എടന ഇലയില് ഉണ്ടാക്കുന്ന കുമ്പിള് അപ്പത്തിനു രുചിയും സുഗന്ധവും കൂടും.
ഇലകളുടെ സുഗന്ധത്താല് ശ്രദ്ധേയമായ വൃക്ഷമാണ് എടന. വഴന, ഇടന എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. കറുവയുടെ തന്നെ ഗണത്തില്പ്പട്ടതാണ് എടനമരം.