മുംബൈ: മുംബൈ പവർ ബിസിനസ് അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിനു വിൽക്കുമെന്ന് അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. 13,251 കോടി രൂപയുടെ ഇടപാടിന് ഇരു കമ്പനികളും ഒപ്പുവച്ചു.
മുംബൈ നഗരത്തിൽ ഊർജം ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള അവകാശമാണ് ഇടപാടിലൂടെ ആദാനി ഗ്രൂപ്പിന് കൈമാറുന്നത്. വലിയ സാന്പത്തിക പ്രതിസന്ധിയിലുള്ള അനിൽ അംബാനിയുടെ കമ്പനിക്ക് ഈ ഇടപാട് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ഊർജോത്പാദനകേന്ദ്രമാണ് റിലയൻസിന്റെ മുംബൈ പവർ ബിസിനസ്. മുംബൈയിലെ 30 ലക്ഷം ഭവന, വ്യവസായ, വാണിജ്യ ഉപയോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യുന്നു. മുംബൈ പവർ 1800 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. വർഷം 7,500 കോടി രൂപയാണ് ഇവിടത്തെ വരുമാനം.