ന്യൂഡൽഹി: തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് വിട്ടുകൊടുക്കുന്നതിനുള്ള കരാറിന് അടുത്ത മാസം കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകും. തിരുവനന്തപുരം, അഹമ്മദാബാദ്, ലക്നോ, മംഗലാപുരം, ജയ്പുർ, ഗോഹട്ടി എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പു ചുമതല അടുത്ത അന്പതു വർഷത്തേക്ക് അദാനി എന്റർപ്രൈസസിനു ലഭിക്കുന്ന അവകാശമാണ് കൈമാറുന്നത്.
ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജൂലൈയിൽ കാബിനറ്റ് അംഗീകാരം നൽകുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്നുള്ള വിവരം. നിലവിൽ ഈ വിമാനത്താവളങ്ങളിലുള്ള എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ജീവനക്കാർക്ക് സംസ്ഥാനത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ തുടരുകയോ അദാനി എന്റർപ്രൈസസിൽ ചേരുകയോ ചെയ്യാം.
വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം അദാനി എന്റർപ്രൈസസിനു നൽകുന്നത് വൻ വിവാദത്തിനു വഴിവച്ചിരുന്നു. ലേല നടപടികൾ പൂർത്തിയായിരുന്നെങ്കിലും ഒന്നാം മോദി സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്ന സമയമായിരുന്നതിനാൽ ഇതു കാബിനറ്റ് പരിഗണനയ്ക്കെടുത്തിരുന്നില്ല. ഇതു സംബന്ധിച്ച കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കുറിപ്പ് കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റ് സ്വീകരിച്ചിരുന്നുമില്ല. മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതിനുശേഷം ഈ കുറിപ്പ് വീണ്ടും കാബിനറ്റ് സെക്രട്ടേറിയറ്റിനു കൈമാറിയിട്ടുണ്ടെന്നും ജൂലൈയിൽ അംഗീകാരം ലഭിക്കുമെന്നുമാണ് വ്യോമയാന മന്ത്രാലയത്തിലെ അധികൃതർ അറിയിച്ചത്.
ആറു വിമാനത്താവളങ്ങൾ സ്വകാര്യ നടത്തിപ്പിലേക്കു മാറുന്നതു വഴി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്ക് പ്രതിവർഷം 1,300 കോടി രൂപ വരുമാനം ലഭിക്കുമെന്നാണു പ്രതീക്ഷ. ഈ വരുമാനം രാജ്യത്തെ വിമാനത്താവളങ്ങളുടെ വികസനത്തിനായി ചെലവഴിക്കുമെന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ജി.പി. മഹാപാത്ര പറഞ്ഞു. രാജ്യത്തെ ചെറുവിമാനത്താവളങ്ങളുടെ വികസനത്തിനായാണ് ഈ തുക വിനിയോഗിക്കുക.
വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ കന്പനികളെ ഏൽപ്പിക്കുന്നതിൽ കേരളം പ്രതിഷേധം ഉയർത്തിയിരുന്നു എങ്കിലും പിന്നീട് നടത്തിപ്പ് അവകാശത്തിനായുള്ള ലേലത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സിയാലിന്റെ പേരിൽ ലേലത്തിൽ പങ്കെടുക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന പേരിൽ കന്പനിയുണ്ടാക്കി. പക്ഷേ, ലേലത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ കെഎസ്ഐഡിസിയുടെ പേരിൽ തന്നെയാണ് ലേലത്തിൽ പങ്കെടുത്തത്.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് കെഎസ് ഐഡിസിക്ക് പത്തു ശതമാനം റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ അനുവദിച്ചിരുന്നു. ഇതനുസരിച്ച് ഏറ്റവും കൂടുതൽ നിർദേശിക്കുന്നത് ലേലത്തിൽ പങ്കെടുക്കുന്ന മറ്റു രണ്ടു കന്പനികളാണെങ്കിലും തുക വർധിപ്പിക്കാൻ കെഎസ്ഐഡിസിക്ക് അവസരം ലഭിക്കുമായിരുന്നു.
പക്ഷേ, ലേലം കഴിഞ്ഞ് ഒൗദ്യോഗിക പ്രഖ്യാപനം വന്നപ്പോൾ വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എന്റർപ്രൈസസിന്റെ കൈയിലായി. ലേലത്തിൽ പങ്കെടുത്ത മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവരുമായി താരതമ്യം ചെയ്യുന്പോൾ അദാനി ഗ്രൂപ്പ് മുന്നോട്ടു വച്ച ലേല ത്തുക ഉയർന്നതായിരുന്നെന്നാണ് എയർപോർട്ട് അഥോറിറ്റി വിശദീകരണം നൽകിയത്.
കഴിഞ്ഞ വർഷം നവംബറിലാണ് രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ് പൊതു-സ്വകാര്യ പങ്കാളിത്തത്തിന് വിട്ടു കൊടുക്കാൻ സർക്കാർ തീരുമാനിക്കുന്നത്. 2006ൽ മുംബൈ, ഡൽഹി വിമാനത്താവളങ്ങളുടെ നടത്തിപ്പ് ജിവികെ, ജിഎംആ ഗ്രൂപ്പുകൾക്ക് നൽകിയിരുന്നു.
സെബി മാത്യു