ന്യൂഡൽഹി: പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയ്ക്കെതിരേ ബിജെപിക്ക് പിന്നാലെ അദാനി ഗ്രൂപ്പും രംഗത്തെത്തി.
കേന്ദ്രസർക്കാരിനെയും അദാനി ഗ്രൂപ്പിനെയും സംശയത്തിന്റെ നിഴലിൽ നിർത്തി ചോദ്യങ്ങൾ ചോദിക്കുന്നതിന് ഹിരാനന്ദാനി ഗ്രൂപ്പിൽനിന്ന് രണ്ടു കോടിയോളം രൂപ മഹുവ കൈപ്പറ്റിയെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 75 ലക്ഷം രൂപയും ഐഫോണടക്കം വിലയേറിയ സമ്മാനങ്ങളും ഹിരാനന്ദാനി ഗ്രൂപ്പ് മഹുവയ്ക്ക് നൽകിയെന്നും ആരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭ സ്പീക്കർക്ക് പരാതി നല്‍കിയിരുന്നു.
ഈ വാർത്ത ഞെട്ടിക്കുന്നതാണെന്നും ചില വ്യക്തികളും സ്ഥാപനങ്ങളും അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന് തങ്ങൾ നേരത്തെ പറഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. വിഷയത്തിൽ ബിജെപി നേതാക്കൾ എംപിക്കെതിരേ രൂക്ഷ വിമർശനവും നടപടിയും ആവശ്യപ്പെട്ടിരിക്കെയാണ് അദാനി ഗ്രൂപ്പും പരസ്യ പ്രസ്താവന ഇറക്കിയത്.
കോഴ ആരോപണ പരാതിയിൽ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംപിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് അഭിഭാഷകൻ ആനന്ദ് ദെഹദ്രായ് സിബിഐക്ക് പരാതി നൽകി. ഹിരാ നന്ദാനി ഗ്രൂപ്പുമായുള്ള മഹുവ മൊയിത്രയുടെ ബന്ധം വ്യക്തമാക്കുന്ന രേഖകൾ കൈമാറിയെന്നാണ് വിവരം.