മലപ്പുറം: എടപ്പാൾ പീഡനക്കേസിൽ തീയേറ്റർ ഉടമ സതീഷിനെ സാക്ഷിയാക്കി അടുത്ത മാസം കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്. തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് പോലിസിന്റെ വീഴ്ചയാണ്. പീഡന ദൃശ്യങ്ങൾ ഉടമ പ്രചരിപ്പിച്ചില്ലെന്നും ചൈൽഡ് ലൈൻ മുഖേന പോലിസിനെ അറിയിക്കാനാണ് ശ്രമിച്ചതെന്നും ക്രൈംബ്രാഞ്ച് തയാറാക്കിയ റിപ്പോർട്ടിലുണ്ട്.
അതേസമയം ഉടമ സതീഷ് ദൃശ്യങ്ങൾ കാട്ടി വിലപേശൽ നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്്റ്റെന്നാണ് പോലീസ് വിശദീകരണം. എന്നാൽ ഇത് പാടെ തള്ളിക്കളയുന്നതാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. പോക്സോ കേസുകൾ അടക്കം ചുമത്തിയായിരുന്നു സതീഷിനെ എടപ്പാൾ പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. ഡിസിആർബി ഡിവൈഎസ്പി ഷാജി വർഗീസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
സംഭവം വിവാദമായതോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് തീയേറ്റർ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തിയ ശേഷം ജീവനക്കാർ പറഞ്ഞാണ് പീഡന വിവരം അറിയുന്നത്. അന്ന് തന്നെ സതീഷ് സംഭവം ചൈൽഡ് ലൈൻ മുഖേന പോലിസിനെ അറിയിക്കാൻ ശ്രമിച്ചിരുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.