കൊച്ചി: എടപ്പാൾ തിയറ്റർ പീഡനക്കേസിലെ മുഖ്യസാക്ഷിയായ തിയറ്റർ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തതിലൂടെ തെറ്റായ സന്ദേശമാണു സമൂഹത്തിനു ലഭിക്കുകയെന്നു വ്യക്തമാക്കി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡിജിപി) മഞ്ചേരി ശ്രീധരൻ നായർ സർക്കാരിനു റിപ്പോർട്ട് നൽകി. ദൃശ്യങ്ങൾ പോലീസിന് കൈമാറാൻ വൈകിയെന്നാരോപിച്ചാണു സതീഷിനെ അറസ്റ്റ് ചെയ്തത്.
ഇത്തരം കേസുകളിൽ നിശ്ചിതസമയത്തിനകം പരാതി നൽകണമെന്നു പോക്സോ നിയമത്തിലെ 19, 21 വകുപ്പുകൾ പ്രകാരം പറയുന്നില്ല. ആ നിലയ്ക്ക് ഈ വകുപ്പുകൾ പ്രകാരം സതീഷിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണ്.
സതീഷ് കുറ്റകൃത്യം മറച്ചുവയ്ക്കാൻ മനഃപൂർവം ശ്രമിച്ചോയെന്നാണു പരിശോധിക്കേണ്ടിയിരുന്നത്. സിസിടിവി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത ഡിസ്കിൽ സ്ഥലം കുറവായതിനാൽ ദൃശ്യങ്ങൾ നഷ്ടപ്പെടാൻ ഇടയാകുമെന്നും ഇതു മറ്റൊരു ഡിസ്കിലേക്ക് മാറ്റണമെന്നും സതീഷ് പറഞ്ഞതായി തിയറ്റർ മാനേജർ മൊഴി നൽകിയിട്ടുണ്ട്.
ദൃശ്യങ്ങൾ നശിപ്പിക്കാനോ മറച്ചുവയ്ക്കാനോ സതീഷ് ശ്രമിച്ചില്ലെന്ന് ഇതിൽനിന്നു വ്യക്തമാണ്. ഏപ്രിൽ 18 നാണു സംഭവം നടന്നത്. ഇതിനുശേഷമുള്ള ദിവസങ്ങളിൽ സതീഷ് സ്ഥലത്തുണ്ടായിരുന്നില്ല.
എന്നിട്ടും പരാതി നൽകാൻ വൈകിയെന്ന പേരിൽ അറസ്റ്റ് ചെയ്തത് തെറ്റാണ്. ഭാവിയിൽ ഇത്തരം കേസുകളിൽ ആളുകൾ തെളിവുനൽകാനും സാക്ഷി പറയാനും മടിക്കുമെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോലീസ് നടപടിക്കെതിരേ സമൂഹത്തിൽനിന്നു വ്യാപകമായി വിമർശനമുയർന്നിരുന്നു.