ആദ്യം സ്വീകരണവും പിന്നീട് പരിഹാസവും ഡിസ്ലൈക്കുകളുമെല്ലാം വാരിക്കൂട്ടിയ ചിത്രമാണ് നിര്‍മാണം പൂര്‍ത്തിയാക്കി റിലീസിന് തയാറെടുത്തിരിക്കുന്ന ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലവ്.
ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ട സമയത്ത് അതിലെ ഗംഭീര പ്രകടനം കൊണ്ട് ലോകമെമ്പാടും സ്റ്റാറായിരുന്നു, നായിക പ്രിയ വാര്യര്‍. പ്രിയയുടെ കണ്ണിറുക്കല്‍ വീഡിയോ യൂട്യൂബിലൂടെ കണ്ടത് ലക്ഷക്കണക്കിന്് ആളുകളാണ്. മാണിക്യമലരായ പൂവി എന്‍ ഗാനവും ഏറെ ജനപ്രീതിയും ഒപ്പം വിവാദങ്ങളും സ്വന്തമാക്കിയിരുന്നു.
എന്നാല്‍ പിന്നീടൊരു ഘട്ടത്തില്‍ ആളുകള്‍ ചിത്രവുമായി ബന്ധപ്പെട്ട് എന്ത് പുറത്ത് വന്നാലും അതിനെതിരെ ഡിസ്ലൈക്ക് കാമ്പയിനുകള്‍ നടത്തി തുടങ്ങി. എടി പെണ്ണേ ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം അത്തരത്തില്‍ ഡിസ്ലൈക്കുകള് വാരിക്കൂട്ടിയിരുന്നു.
ഏതായാലും ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും വൈകിയ ചിത്രം 2019ലെ പ്രണയദിനത്തില്‍, അതായത് ഫെബ്രുവരി 14ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലെ സിനിമയുടെ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരിക്കുന്നത്.
ഒരു അഡാര്‍ ലൗവിനെ ശ്രദ്ധേയവും വിവാദവുമാക്കിയ മാണിക്യമലരായ പൂവി എന്ന ഗാനം ഇറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറും ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനവും വൈറലായിരുന്നു. എന്നാല്‍, ഇത്രയും ഹൈപ്പില്‍ നില്‍ക്കുമ്പോഴും ചിത്രം പുറത്തിറങ്ങാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു.
ഹാപ്പി വെഡിംഗ്, ചങ്ക്സ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗ കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ചിത്രമാണ്. പ്രധാനവേഷങ്ങളില്‍ പുതുമുഖങ്ങളെത്തുന്ന സിനിമയുടെ സംഗീത സംവിധായകന് ഷാന്‍ റഹമാനാണ്.