പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ പണിയായോ ? ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് പ്രതിസന്ധിയില്‍; പാട്ട് വൈറലായതോടെ തിരക്കഥ മാറ്റിയെഴുതണമെന്ന് നിര്‍മാതാവ് പറ്റില്ലെന്ന് സംവിധായകന്‍; സിനിമയുടെ നിര്‍ത്തിവച്ച ഷൂട്ടിംഗ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല…

മാണിക്യമലരായ പൂവി എന്നു തുടങ്ങുന്ന ഒറ്റ പാട്ടിലൂടെ ലോകപ്രശസ്തയായ പ്രിയാ വാര്യരും പ്രിയയുടെ കണ്ണിറുക്കലും തീയറ്ററില്‍ കാണാന്‍ മലയാളിക്ക് ഭാഗ്യമുണ്ടാകുമോ ? ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവിന്റെ ചിത്രീകരണം പ്രതിസന്ധിയില്‍ എന്ന് സൂചന.

മാണിക്യമലരായ പൂവി എന്ന പാട്ടിലൂടെ വൈറല്‍ ഹിറ്റായി മാറിയ പ്രിയാ വാര്യര്‍ക്ക് ഇനിയും പ്രാധാന്യം നല്‍കണമെന്ന നിര്‍മ്മാതാവിന്റെ ആവശ്യം നിരസിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായതെന്ന് ഒമര്‍ ലുലു പറഞ്ഞു. തന്റെ കഥയില്‍ നായികയായി നിശ്ചയിച്ചിരുന്നത് നൂറിനെയാണ്.

പ്രിയയും റോഷനും മിടുക്കരാണെന്ന് കണ്ടതോടെ അവര്‍ക്ക് ചെറുതായി പ്രാധാന്യം കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പാട്ട് പുറത്തു വന്നതോടെ കഥയാകെ മാറി. പാട്ടും കണ്ണിറുക്കലും ലോകപ്രശസ്തമായതോടെ പ്രിയക്കും റോഷനും കുറച്ചുകൂടി പ്രാധാന്യം നല്‍കുന്ന തരത്തില്‍ തിരക്കഥ തന്നെ മാറ്റി എഴുതി.

എന്നാല്‍ ഇപ്പോള്‍ നിര്‍മ്മാതാവ് ആവശ്യപ്പെടുന്നത് പൂര്‍ണമായും പ്രിയക്ക് പ്രാധാന്യം നല്‍കണമെന്നാണെന്നും ഒമര്‍ലുലു പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തുടര്‍ പ്രതികരണങ്ങള്‍ക്ക് താത്പര്യമില്ലെന്ന് നിര്‍മാതാവ് ഔസേപ്പച്ചന്‍ വാലക്കുഴി പറഞ്ഞു.

തിരക്കഥ മാറ്റി എഴുതാനായി സിനിമ നിര്‍ത്തിവെച്ചിട്ട് പിന്നീട് ഇതുവരെ തുടങ്ങാന്‍ സാധിച്ചിട്ടില്ല. 240 ദിവസങ്ങള്‍ ഇപ്പോള്‍ ഷൂട്ടിങ്ങിനായി ചെലവാക്കി. 40 ശതമാനം മാത്രമാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയായിരിക്കുന്നത്.

രണ്ട് കോടി രൂപയ്ക്ക് താഴെ ബജറ്റ് പറഞ്ഞ് തുടങ്ങിയ സിനിമ 3.50 കോടി രൂപയ്ക്ക് മുകളിലായി തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഔസേപ്പച്ചന്‍ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ പരാതി നല്‍കിയിരിക്കുന്നത്.

സിനിമ തുടങ്ങുന്നതിന് മുന്‍പ് സിനിമയില്‍നിന്ന് കിട്ടുന്ന ലാഭ വിഹിതം പങ്കിടുന്നത് സംബന്ധിച്ച് ഒമര്‍ ലുലുവും ഔസേപ്പച്ചനും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍, ലാഭവിഹിതം നല്‍കാനാവില്ലെന്ന നിലപാടാണ് ഇപ്പോള്‍ ഔസേപ്പച്ചന്‍ സ്വീകരിച്ചിരിക്കുന്നത്.

നിര്‍മ്മാതാക്കളുടെ സംഘടന ഇടപെട്ട് നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ സംവിധായകന് പ്രോഫിറ്റ് ഷെയര്‍ എന്ന കീഴ്വഴക്കം മലയാളത്തിലില്ലെന്ന നിലപാടാണ് നിര്‍മ്മാതാക്കളുടെ സംഘടന അംഗങ്ങള്‍ മുന്നോട്ടു വെച്ചത്.

അടുത്ത മാസം 15 ാം തിയതി ഒമറിനെയും ഔസേപ്പച്ചനെയും ഉള്‍പ്പെടുത്തി ഒത്തുതീര്‍പ്പ് ചര്‍ച്ച വിളിച്ചിട്ടുണ്ട്. അന്ന് സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കി നല്‍കാമെന്നാണ് ഒമര്‍ പറഞ്ഞിരിക്കുന്നത്. അന്നത്തെ ചര്‍ച്ചയ്ക്ക് ശേഷമെ സിനിമയുടെ മുന്നോട്ടുള്ള പോക്ക് സംബന്ധിച്ച് തീരുമാനം ആകുകയുള്ളു. എന്തായാലും പ്രിയയുടെ ആരാധകര്‍ക്ക് ആശങ്കയേകുന്നതാണ് പുതിയ വാര്‍ത്ത.

Related posts