ലണ്ടൻ: ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനാവാല ലണ്ടനിൽ താമസിക്കുന്ന ആഡംബര വസതിക്ക് മാസവാടക രണ്ടരക്കോടി രൂപ.
പോളണ്ടിലെ കോടീശ്വരനായ ഡൊമിനിക്ക കുൽച്നിക്കിൽനിന്ന് പരമരഹസ്യമായാണ് പൂനാവാല വീട് വാടകയ്ക്കെടുത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ലണ്ടനിലെ ഏറ്റവും മനോഹരമായ പ്രദേശത്തുള്ള മേഫെയറിൽ കൊട്ടാരസമാനമായ വസതിയുടെ വലിപ്പം 25,000 സ്ക്വയർഫീറ്റാണ്.
സാധാരണ ഇംഗ്ലീഷ് വീടുകളേക്കാൾ 24 ഇരട്ടി വലിപ്പമുള്ളതാണ് ഇത്. ഗസ്റ്റ് ഹൗസ്, രഹസ്യ ഉദ്യാനം എന്നീ സൗകര്യങ്ങൾ അടങ്ങുന്നതാണ് വസതി.
ബ്രെക്സിറ്റ്, കോവിഡ് മഹാമാരി എന്നിവയെത്തുടർന്ന് മാന്ദ്യത്തിലായ സെൻട്രൽ ലണ്ടനിലെ ലക്ഷ്വറി ഹോം മാർക്കറ്റിന് വലിയ ഉണർവാകും ഈ ഇടപാട് നൽകുകയെന്ന് ബിസിനസ് രംഗത്തെ വിദഗ്ധർ കരുതുന്നു.
കോവിഷീൽഡ് വാക്സിന്റെ ദശലക്ഷക്കണക്കിനു ഡോസാണ് ലോകമെന്പാടുമായി ഇപ്പോൾ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എത്തിക്കുന്നത്.
സ്ഥാപനത്തിന്റെ സിഇഒ നടത്തിയ ഈ ഇടപാടിനെക്കുറിച്ച് പ്രതികരിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് തയാറായിട്ടില്ല.
ആഡംബര വസതിയുടെ ഉടമ കുൽച്നിക്കിന്റെ പ്രതിനിധിയും ഇതേക്കുറിച്ചു പ്രതികരിക്കാൻ വിസമ്മതിച്ചു.
ലോകത്തെ തന്നെ ധനിക കുടുംബങ്ങളിലൊന്നാണ് അഡാർ പൂനാവാലയുടേത്. താൻ രണ്ടാമതൊരു വീട് എടുക്കുകയാണെങ്കിൽ അത് ലണ്ടനിലായിരിക്കുമെന്ന് നേരത്തേ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വെസ്റ്റ് മിനിസ്റ്ററിലെ ലണ്ടൻ യൂണിവേഴ്സിറ്റിയിലായിരുന്നു പൂനാവാലയുടെ പഠനം. നേരത്തേ മേഫെയറിൽ ഒരു ഹോട്ടൽ വാങ്ങാനും ഇദ്ദേഹം ശ്രമിച്ചിരുന്നു.