പ്രണയം വിട്ടൊരു കളി ഒമർ ലുലുവിന് ഇല്ലായെന്ന് തോന്നുന്നു. ഇത്തവണ ബിടെക്ക്കാരെയും മെക്കാനിക്കുകാരെയും വിട്ട് പ്ലസ് വണ്-പ്ലസ്ടു പിള്ളേരെയാണ് കക്ഷി പ്രണയക്കൂട്ടിൽ അടച്ചിട്ടിരിക്കുന്നത്. പ്ലസ് വണ്ണിൽ ചേരുന്പോൾ പ്രണയം തുടങ്ങിക്കോണമെന്ന് സംവിധായകൻ പറഞ്ഞാൽ പിള്ളേർക്ക് പ്രണയിക്കാതിരിക്കാൻ പറ്റുമോ. തുടക്കം മുതലേ പ്രണയം സ്ക്രീനിൽ പാറിപ്പറക്കുകയാണ്.
ആദ്യമേ പറഞ്ഞേക്കാം, ആരാണെങ്കിലും പ്ലസ്ടു തലത്തിൽ നിന്നെ ഒരു അഡാറ് ലവ് കാണാവൂ. സംവിധായകൻ ഉദ്ദേശിച്ച ഫീൽ കിട്ടണേൽ ആ പ്രായത്തിലേക്ക് ഇറങ്ങിച്ചെന്നേ പറ്റു. ചിരി വേണ്ടുവോളം കുത്തിനിറച്ചാണ് ഇത്തവണയും സംവിധായകൻ എത്തിയിരിക്കുന്നത്.
കുട്ടിക്കളികൾ കാട്ടി തുടങ്ങി തീക്കളിയിൽ ചെന്നുനിൽക്കുന്ന ഈ കുഞ്ഞു ചിത്രത്തിൽ ദ്വയാർഥ പ്രയോഗങ്ങൾ അധികമായി കടന്നുകൂടിയിട്ടില്ല. ഫ്രീക്ക് പിള്ളേരുടെ കഥ പറയുന്പോൾ കടന്നുവരാറുള്ള ദ്വയാർഥങ്ങളെ സംവിധായകൻ ചിത്രത്തിൽ ഒതുക്കി നിർത്തിയിട്ടുണ്ട്.
പ്രണയത്തിന് നാണമാകും…
ഒമറിന്റെ പ്രണയ സങ്കല്പങ്ങൾ കാണുന്പോൾ പ്രണയത്തിനു തന്നെ ചിലപ്പോൾ നാണം വന്നേക്കാം. പതിവ് ചിത്രങ്ങളിലെ പോലെ നായകനും നായികയും എത്തുന്നു, പ്രണയം തുടങ്ങുകയായി. റോഷനും പ്രിയയും തമ്മിലുള്ള പ്രണയം പുഷ്പിക്കാൻ കൂട്ടുകാർ വട്ടംകൂടുന്നതോടെയാണ് കഥ പ്രണയട്രാക്കിലേക്ക് വന്നുവീഴുന്നത്.
പിന്നീടങ്ങോട്ട് മുഴുവൻ പ്രണയമാണ്. തലങ്ങും വിലങ്ങും പ്രണയം. കഥയിലെ ഒട്ടുമിക്ക അഭിനേതാക്കൾക്കും ചിത്രത്തിൽ പ്രണയമുണ്ട്. അത് വണ്വേയാണോ ടൂ വേയാണോയെന്നെല്ലാം ചിത്രം കണ്ടുതന്നെ അറിയുക. ഫ്രീക്കന്മാരായ പിള്ളേർക്കൊപ്പം ഫ്രീക്കായ അധ്യാപകർ കൂടി ചേരുന്നതോടെ സംഗതി കളറായി.
പ്രിയയല്ല നൂറിനാണ് അഡാറ്
പ്രിയ വാര്യരുടെ കണ്ണിറുക്കൽ കൊണ്ട് ശ്രദ്ധ നേടിയ ചിത്രത്തിൽ പക്ഷേ, ശോഭിക്കുന്നത് നൂറിൻ ഷെരീഫാണെന്നതാണ് വാസ്തവം. നൂറിൻ ചിത്രത്തിൽ ഗാഥയെന്ന കഥാപാത്രത്തെ എല്ലാ കുസൃതിത്തരങ്ങളോടെയും അവതരിപ്പിച്ചിട്ടുണ്ട്. കണ്ണിറുക്കലും കിസ് അടിക്കലുമെല്ലാം പ്രിയയുടെ ട്രാക്കിലൂടെ പോകുന്പോൾ നൂറിനെ ചിത്രത്തിന്റെ നട്ടെല്ലായി മാറ്റാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.
പിള്ളേർക്കിടയിലെ കുരുത്തക്കേടുകളാണ് കഥയെ മറ്റൊരു വഴിയെ സഞ്ചരിപ്പിക്കുന്നത്. അതുവഴി ഇന്നത്തെ കുട്ടികളുടെ മനോനില കൂടി സംവിധായകൻ പുറത്തു കൊണ്ടുവരുന്നുണ്ട്. പ്രണയവും പ്രണയ നഷ്ടവുമെല്ലാം കടന്നു വരുന്നതോടൊപ്പം തന്നെ പ്ലസ്ടു പിള്ളേരുടെ കുറെയേറെ പൊട്ടത്തരങ്ങളും കഥയ്ക്ക് കൂടുതൽ ഉണർവ് നൽകുന്നുണ്ട്.
അധ്യാപകർ വേറെ ലെവലാണ്
ഹരീഷ് കണാരൻ കായികാധ്യാപകനായും കെമിസ്ട്രി അധ്യാപകനായി അൽത്താഫും പിന്നെ തള്ളുസാറുമെല്ലാം പിള്ളേർക്കൊപ്പം തന്നെ ചിത്രത്തിൽ കൗണ്ടറുകൾ വാരിവിതറുന്നുണ്ട്. ഇതിനിടെ സ്റ്റൈലൻ പ്യൂണായി എത്തിയ വിഷ്ണു ഗോവിന്ദൻ നോട്ടംകൊണ്ടും ചിരിയുണർത്തി. സലീം കുമാറും സിദ്ദിഖും കുഞ്ഞു വേഷങ്ങളിലെത്തി ഡയലോഗ് അടിയിലൂടെ കൈയടി നേടുന്നുണ്ട്. പ്രണയം തലയ്ക്കു പിടിച്ച പിള്ളേർ ഒരു പ്രണയം വിജയിപ്പിക്കാനായി കിടിലൻ ബുദ്ധി പ്രയോഗിക്കുന്നതോടെയാണ് കഥ മറ്റൊരു വഴിയെ സഞ്ചരിച്ച് തുടങ്ങുന്നത്.
പാട്ടോട് പാട്ട്
ചിത്രത്തിൽ പാട്ടിന് ഒരു കുറവുമില്ല. പ്രേക്ഷകരുടെ മനംകവർന്ന “മാണിക്യമലരായ’ എന്ന ഗാനം തന്നെയാണ് ഏറ്റവും സുന്ദരം. ഫ്രീക്ക് പിള്ളേർക്ക് പറ്റിയ എല്ലാത്തരം പാട്ടുകളും ചിത്രത്തിൽ ഉൾക്കൊള്ളിക്കാൻ സംവിധായകൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഛായാഗ്രാഹകൻ കളർഫുൾ ഫ്രെയിമുകളൊരുക്കി പ്രണയകഥയുടെ ഭംഗി കൂട്ടിയപ്പോൾ തിരക്കഥാകൃത്തുക്കൾ പൈങ്കിളി ഡയലോഗുകൾ കൊണ്ട് ചിത്രത്തെ ബാലൻസ് ചെയ്തു നിർത്തി.
ഇത്തിരി നേരമേ ഉള്ളുവെങ്കിലും വേണു ഒ.വി ചിത്രത്തിന്റെ മർമപ്രധാന രംഗങ്ങൾ അധിക സംഭാഷണങ്ങളില്ലാതെ തന്നെ കൈയടക്കത്തോടെ കൈകാര്യം ചെയ്തു. പ്ലസ്ടു കാലം ഇപ്പോഴും മനസിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും ഒരു അഡാറ് ലവ് കാണാൻ ധൈര്യത്തോടെ ടിക്കറ്റെടുക്കാം. വലിയ ബോറടിയില്ലാതെ രണ്ടര മണിക്കൂർ അങ്ങ് പറന്നു പോകും.
വി.ശ്രീകാന്ത്