മുണ്ടക്കയം: അർധരാത്രിയിൽ ഭാര്യയുടെയും മകന്റെയും മുന്നിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിലെ മൂന്നാം പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. മുണ്ടക്കയം ബൈപാസ് റോഡിൽ പടിവാതുക്കൽ ആദർശ് (32) ആണ് കുത്തേറ്റുമരിച്ചത്.
ആദർശിനെ കുത്തിയ ഗുണ്ടാ നേതാവ് കരിനിലം പുതുപ്പറന്പിൽ ജയൻ (ക്രിമിനൽ ജയൻ-43)നെയും ഇയാളുടെ സുഹൃത്തും രണ്ടാം പ്രതിയുമായ എരുമേലി കനകപ്പാലം ഉഷ നിവാസിൽ നിഖിലി(29) നെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. മൂന്നാം പ്രതി മുണ്ടക്കയം മുറികല്ലുംപുറം സ്വദേശി ഷെറിനെയാണ് പോലീസ് അന്വേഷിക്കുന്നത്.
ഇയാൾക്കു വേണ്ടി സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് നിഖിലിനെ പോലീസ് പിടികൂടിയത്. കൊലപാതകമുണ്ടായതിനുശേഷം ഇയാൾ കൊല്ലത്തുള്ള ബന്ധുവീട്ടിലേക്കാണ് ഒളിവിൽ പ്പോയത്.
രഹസ്യവിവരം ലഭിച്ച പോലീസ് വീട് വളഞ്ഞെങ്കിലും നിഖിൽ വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്ക്ഒളിവിൽ കഴിയു്ന്നതിനു സൗകര്യം ചെയ്തു നല്കിയ രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
ഈ വീട്ടിൽ നിന്നു രക്ഷപ്പെട്ട് രാത്രിയിൽ കോട്ടയത്തേക്കു വരുന്പോഴാണ് നിഖിൽ പോലീസിന്റെ പിടിയിലാകുന്നത്. ഷെറിൻ ഒളിവിൽ കഴിയുന്ന സ്ഥലത്തെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചതായും സൂചനയുണ്ട്.