എടത്വ: ആഴമേറിയ തോട്ടിൽ താഴ്ന്ന സ്കൂൾ കുട്ടിക്ക് ഹൈസ്കൂൾ വിദ്യാർഥി രക്ഷകനായി. പച്ച കോട്ടയിൽ ക്ഷേത്രത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന മഠത്തിക്കളം ആദർശിനാണ് (ഏഴ്) എടത്വ സെന്റ് അലോഷ്യസ് സ് കൂൾ വിദ്യാർഥി എ. കണ്ണൻ (14) രക്ഷകനായത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ ക്ഷേത്രത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന രണ്ടാം ക്ലാസ് വിദ്യാർഥി ആദർശ് സമീപത്തുള്ള ആഴമേറിയ തോട്ടിലേക്ക് വീഴുകയായിരുന്നു.
കൂടെയുള്ള മറ്റ് കൂട്ടുകാർ ബഹളം വച്ചതോടെ ഓടിയെത്തിയ കണ്ണൻ സ്വന്തം ജീവൻ അവഗണിച്ച് പന്പാനദിയുടെ കൈവഴിയായ ഈ തോട്ടിലേക്ക് എടുത്ത് ചാടുകയായിരുന്നു.
ശക്തമായ മഴയും, വെള്ളപ്പൊക്കവും, ഒഴുക്കും അവഗണിച്ച് ആദർശിനേയും തോളിലേറ്റി കണ്ണൻ നദിതീരത്തോട് അടുത്തപ്പോഴേക്കും കൈ-കാലുകൾ തളർന്നിരുന്നു. കരയ്ക്കെത്തിക്കാൻ നദിയിലെ സംരക്ഷണ ഭിത്തി തടസമായി നിന്നതോടെ കണ്ണൻ അലറിവിളിച്ചു. കണ്ണന്റെ നിലവിളികേട്ട് ഓടിയെത്തിയ സ്കൂൾ അധ്യാപികയായ വിനിത ആദർശിനെ കരയിലേക്ക് വലിച്ച് കയറ്റി.
നദിയിൽ താഴ്ന്ന ആദർശിനെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. പച്ചചെറുകാട്ട് പടിഞ്ഞാറേതിൽ അജിയുടേയും ബിന്ദുവിന്റേയും മകനാണ് ഒൻപതാം ക്ലാസ് വിദ്യാർഥിയായ എ. കണ്ണൻ. ആദർശിന്റെ ജീവൻ രക്ഷിച്ച കണ്ണനെ അന്പലപ്പറന്പ് സൗഹൃദയ ചാരിറ്റബിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ മൂന്നിന് അനുമോദിക്കും.