വി.എസ്. ഉമേഷ്
കൊച്ചി: ഫായിസ് മുഹമ്മദിന്റെ വയലിനിലൂടെ ഒഴുകുന്നത് സൗഹൃദത്തിന്റെ സംഗീതമാണ്. ലക്ഷ്യമാകട്ടെ അതിര്‍വരമ്പുകളില്ലാത്ത സംഗീതസൗഹൃദവും.
നൂറോളം രാജ്യങ്ങളിലെ സംഗീതത്തെ കോര്‍ത്തിണക്കി അവിടങ്ങളിലെ കലാകാരന്മാരെയും പങ്കെടുപ്പിച്ച് മ്യൂസിക് ഫോര്‍ ഗ്ലോബല്‍ ഫ്രണ്ട്ഷിപ്പ് – “ആഗോള സംഗീത സൗഹൃദം’ അതിനായുള്ള തീവ്രശ്രമത്തിലാണ് വയലിനിസ്റ്റും സംഗീതജ്ഞനുമായ ഈ 25-കാരന്.
ഓരോ രാജ്യത്തേയും പ്രചുരപ്രചാരം നേടിയ ഗാനങ്ങളെ കോര്‍ത്തിണക്കിയാണ് പരിപാടി സംഘടിപ്പിക്കാന്‍ ഉദേശിക്കുന്നത്.
ഫായിസ് നേതൃത്വം നല്കി നൂറോളം വരുന്ന ഉപകരണ സംഗീതജ്ഞരെ കൂടി ഉള്‍പ്പെടുത്തി ഒരു സംഗീതനിശ. ഗിന്നസ് റിക്കാര്ഡെന്ന സ്വപ്നവും ഇതോടൊപ്പമുണ്ട്.
നേരത്തെ നാല്പതോളം രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരെ ഉള്‍പ്പെടുത്തി സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു.
എന്തായാലും ആഗോള സംഗീത സൗഹൃദം ഒരുക്കുന്നതിനു മുന്നോടിയായി ഫായിസിന്റെ വീഡിയോ പ്രൊഫൈലും പുറത്തിറക്കിക്കഴിഞ്ഞു.
അടുത്തുതന്നെ സംസ്ഥാന സര്‍ക്കാര്‍ ഫായിസിനെ വിവിധ രാജ്യങ്ങളിലേക്ക് കള്‍ച്ചറല്‍ എക്സ്ചേഞ്ചിന്റെ ഭാഗമായി അയയ്ക്കുന്നുണ്ട്.
ഈ വര്‍ഷം പകുതിയോടെ ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകും. ഇതു തന്റെ ഗ്ലോബല്‍ ഫ്രണ്ട്ഷിപ്പ് പരിപാടിക്ക് ഏറെ സഹായകരമാകുമെന്നാണ് ഫായിസിന്റെ പ്രതീക്ഷയും.
രണ്ടായിരത്തോളം വേദികൾ
കര്‍ണാടക-പാശ്ചാത്യ സംഗീതത്തില്‍ പ്രാവീണ്യം നേടിയിട്ടുള്ള യുവസംഗീതജ്ഞനും എറണാകുളം പൂക്കാട്ടുപടി കളത്തിപ്പറമ്പില്‍ സെയ്ദ്മുഹമ്മദിന്റെയും ഷൈലയുടെയും മകനായ ഫായിസ് സ്വദേശത്തും വിദേശത്തുമായി രണ്ടായിരത്തോളം വേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കുകയും ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖരോടൊത്ത് വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്.
ചെറുപ്പം മുതലേ കലാഭവന്‍ ജോര്‍ജെന്ന ഗുരുവിന്റെ കീഴിലായിരുന്നു അഭ്യസനം. നാലുവര്‍ഷം മുമ്പാണ് പ്രഫഷണല്‍ വേദികളിലേക്കെത്തിയത്.
സ്റ്റേജ് പരിപാടികളില്‍ ആദ്യവിദേശയാത്രയാണ് ഇപ്പോഴും മനസില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് ഫായിസ് പറയുന്നു.
ചലച്ചിത്രതാരം മമ്മൂട്ടിയോടൊപ്പം ദുബായ് നാഷണല്‍ ഡേയുടെ ഭാഗമായാണ് പരിപാടി അവതരിപ്പിക്കാന്‍ പോയത്.
ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ഏഷ്യ വിഷന്‍ മൂവി പുരസ്കാര നിശയില്‍ ബോളിവുഡ്-കോളിവുഡ്-ടോളിവുഡ്-മോളിവുഡ് താരങ്ങളുടെയടക്കം മുന്നില്‍ പ്രോഗ്രാം അവതരിപ്പിച്ചതും നിയമസഭയില്‍ ജനപ്രതിനിധികളുടെ മുന്നില്‍ വയലിന് സോളോ നടത്തിയതുമാണ് മനസില്‍ നിറംപിടിച്ചു നില്‍ക്കുന്നത്.
ജാക്ക് ആന്‍ ജില്ലില്‍
പ്രശസ്ത ഛായാഗ്രാഹനും സിനിമ സംവിധായകനുമായ സന്തോഷ് ശിവന്റെ ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആന്‍ ജില്ലില്‍ അദ്ദേഹത്തിന്റെ അസോസിയേറ്റ് ആയിരുന്നു ഫായിസ്. .
2019 മിസ് കേരളയുടെ ടൈറ്റില്‍ മ്യൂസിക് സംവിധാനം ചെയ്തത് ഫായിസ് ആയിരുന്നു. എ.ആര്. റഹ്മാന് കമ്പോസ് ചെയ്ത ശ്യാമസുന്ദര എന്ന ഏഷ്യാനെറ്റിന്റെ ടൈറ്റില്‍ സോംഗ് വീണ്ടും പുനര്‍ നിര്‍മിക്കുകയും ചെയ്തു.
മികച്ച വയലിനിസ്റ്റിനുള്ള മലയാള പുരസ്കാരം (2020), ഫല്‍വേഴ്സ് മ്യൂസിക് ടുമോറോ അവാര്‍ഡ് (2019), കലാഭവന്‍ അവാര്‍ഡ് (2020), കലാഭവന്‍ മണി അവാര്‍ഡ് (2021) എന്നിവയും കരസ്ഥമാക്കി.