തൃശൂർ: അടാട്ട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ നിന്നു പിരിച്ചുവിട്ട മാനേജിംഗ് ഡയറക്ടർ അടക്കമുള്ള ഭരണസമിതി അംഗങ്ങൾക്കും രണ്ടുജീവനക്കാർക്കുമെതിരേ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ 7.6 കോടി രൂപയുടെ നഷ്ടോത്തരവാദിത്വ (സർചാർജ്) ഉത്തരവ് പുറപ്പെടുവിച്ചു.
ക്രമവിരുദ്ധമായി പാഡി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കന്പനിയിൽ ലക്ഷം രൂപയുടെ ഓഹരി എടുത്തതിനു പുറമേ 15 കോടി രൂപ ഓവർഡ്രാഫ്റ്റ്് ഇനത്തിൽ നൽകിയതിനുമാണ് നടപടി. മുൻഭരണസമിതി അംഗങ്ങളായ എം.വി. രാജേന്ദ്രൻ, സി.സി. ഹനീഷ്, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ജയചന്ദ്രൻ, രുദ്രൻ നന്പൂതിരി, സ്റ്റെല്ല റാഫേൽ, പി.ടി. ജോസ്, ഓമന വേണുഗോപാൽ, വി.ഒ. ചുമ്മാർ, ടി. ജയലക്ഷ്മി, പി.എ. അശോകൻ, എ.സി. റപ്പായി, എ.വി. ജോണ്സണ്, പി.കെ. നാണു എന്നിവരും പിരിച്ചുവിട്ട എംഡി ഇൻചാർജ് ടി. ഉണ്ണികൃഷ്ണനും 51,17,634 രൂപ വീതവും പിരിച്ചുവിട്ട ജീവനക്കാരായ കെ. വിജയകുമാർ 46,70,336 രൂപയും അടക്കം മൊത്തം 7,63,17,211 രൂപ അടയ്ക്കണമെന്ന് ജോയിന്റ് രജിസ്ട്രാർ ടി.കെ. സതീഷ്കുമാറിന്റെ ഉത്തരവിലുള്ളത്. ഇത്രയധികം തുക തിരിച്ചടയ്ക്കണമെന്ന ഉത്തരവ് അപൂർവമാണ്.