ചെറായി: എടവനക്കാട് മേഖലയിലെ എട്ടോളം വീടുകളുടെ മതിലുകളിൽ കണ്ട പെയിന്റ് അടയാളം പാൽക്കാരൻ വീട് മാറിപ്പോകാതിരിക്കാൻ വരച്ചതെന്ന് ഞാറക്കൽ പോലീസ് അറിയിച്ചു. നേരത്തെ ഈ മേഖലയിൽ പാൽ വിതരണം നടത്തിയിരുന്നത് സ്വകാര്യ പാൽ ഡയറിയിലെ ജീവനക്കാരനായ തമിഴ് യുവാവായിരുന്നു.
ഇയാളുടെ അഭാവത്തിൽ ഡയറി ഉടമ ഉത്തരേന്ത്യക്കാരനായ ഒരു യുവാവിനെ പാൽ വിതരണം ഏൽപ്പിച്ചു. എന്നാൽ പുതുതായി വന്നതിനാൽ ഇയാൾക്ക് വീടുകൾ തിരിച്ചറിയാതെ വന്നത് മൂലം പതിവുകാരല്ലാത്തവരുടെ വീടുകളിലും പാൽ വിതരണം നടത്തി. ഇതോടെ പാൽകിട്ടാതെ പതിവുകാർ പരാതിയുമായി രംഗത്തെത്തിയപ്പോഴാണ് പാൽ വാങ്ങുന്ന വീടുകളുടെ മതിലിൽ ചുവപ്പും കറുപ്പും പെയിന്റ് കൊണ്ട് അടയാളമിട്ടതത്രേ.
എന്നാൽ ഇതറിയാതിരുന്ന വീട്ടുകാർ തങ്ങളുടെ മതിലിൽ ചുവപ്പ് പെയിന്റ് മാർക്ക് കണ്ട് അന്പരന്നു. പലവീടുകളുടെയും മതിലിൽ ഈ അടയാളം കണ്ടതോടെ നാട്ടുകാർ ആശങ്കാകുലരായി. വാച്ചാക്കൽ പടിഞ്ഞാറോട്ടുള്ള പോക്കറ്റ് റോഡിലും ഇവിടെ നിന്നും വലത്തോട്ടേക്കുള്ള രണ്ടാമത്തെ കട്ട് റോഡിന്റെ പരിസരത്തുമുള്ള വീടുകളിലാണ് അടയാളം കണ്ടെത്തിയത്. കൂടാതെ പഴങ്ങാട് പടിഞ്ഞാറ് ഭാഗത്തെ ചില വീടുകളുടെ മതിലിലും അടയാളം കണ്ടു.
സംഭവത്തെ തുടർന്ന് ഞാറക്കൽ പോലീസിൽ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എസ്ഐ സംഗീത് ജോബിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് യാഥാർഥ്യം മനസിലായത്. കുറെനാൾ മുന്പ് വാച്ചാക്കൽ ഭാഗത്ത് വീടുകളുടെ ജനലിലും മറ്റും കറുത്ത സ്റ്റിക്കർ പ്രത്യക്ഷപ്പെട്ടതിന്റെ ദുരൂഹത ഇപ്പോഴും നിലനിൽക്കുന്നതിനിടയിൽ പെയിന്റ് അടയാളം കൂടി പ്രത്യക്ഷപ്പെട്ടതോടെ ജനം തീർത്തും ആശങ്കയിലായിരുന്നു.