ആലുവ: ആറു കോടിയോളം രൂപ വിലമതിക്കുന്ന 20 കിലോ സ്വർണം കവർന്ന സംഭവത്തിൽ അന്വേഷണത്തിൽ പുരോഗതിയില്ല. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. സംഭവസമയത്ത് എടയാർ, ഏലൂർ, പാനായിക്കുളം, കളമശേരി ഭാഗങ്ങളിൽ സജീവമായിരുന്ന മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള വിശദമായ അന്വേഷണത്തിലാണ് പ്രത്യേക സംഘം. ഇതിനായി സൈബർ സെല്ലിലെ വിദഗ്ധ സംഘത്തിന്റെ സഹായത്തോടെയാണ് പരിശോധന.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കാറിൽ എടയാറിലെ സ്വർണ ശുദ്ധീകരണശാലയിലേക്കു കൊണ്ടുവന്ന ഉരുപ്പടികൾ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹനം തടഞ്ഞു ചില്ലു തകർത്തു കവർച്ച നടത്തുകയായിരുന്നു. പ്രധാന സാക്ഷികളായ കാർ യാത്രികരെ വിശദമായി ചോദ്യം ചെയ്തെങ്കിലും യാതൊരു തുന്പും ലഭിച്ചിരുന്നില്ല.
ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണങ്ങളും ഫലം കണ്ടില്ല. ഒടുവിലാണ് സൈബർ സെല്ലിന്റെ സഹായം തേടിയിരിക്കുന്നത്. കവർച്ചാ സംഘത്തിനു പുറത്തുനിന്നുള്ള സഹായം ലഭിച്ചുവെന്ന നിഗമനത്തിലാണ് പോലീസ്.