ന്യൂഡൽഹി: രണ്ടു വർഷത്തെ താഴോട്ടുപോക്കിനുശേഷം ഇന്ത്യൻ സന്പദ്ഘടന ഇക്കൊല്ലം ഉണർവ് കാണിക്കുമെന്ന് ഏഷ്യൻ വികസന ബാങ്ക് (എഡിബി). ബാങ്ക് പുറത്തിറക്കിയ ഏഷ്യൻ ഡെവലപ്മെന്റ് ഔട്ട്ലുക്കി(എഡിഒ)ലാണ് ഈ പ്രവചനം.
2015-16ൽ 8.2 ശതമാനം വളർച്ചയുണ്ടായിരുന്ന ഇന്ത്യ 2016-17ൽ 7.1ഉം 2017-18ൽ 6.6ഉം ശതമാനമേ വളർന്നുള്ളൂ. ഇവിടെനിന്ന് 2018-19ലെ വളർച്ച 7.3 ശതമാനത്തിലും 2019-20ലേത് 7.6 ശതമാനത്തിലും എത്തുമെന്ന് എഡിഒയിൽ പ്രവചിക്കുന്നു.
ഇതേസമയം വാണിജ്യരംഗത്ത് ബാങ്ക് പ്രശ്നങ്ങൾ പ്രതീക്ഷിക്കുന്നു. അമേരിക്ക തുടങ്ങിവയ്ക്കുന്ന വ്യാപാരയുദ്ധം ആഗോളവാണിജ്യത്തെ ബാധിക്കാം. അത് ഏഷ്യൻ രാജ്യങ്ങളുടെ വളർച്ചയെയും ബാധിക്കാം.
ഉദാരമായ ചട്ടങ്ങൾ വിദേശനിക്ഷേപകരെ ആകർഷിക്കുന്നത് ഇന്ത്യൻ വളർച്ചയെ സഹായിക്കും. ബിസിനസ് നടത്തിപ്പിനു സഹായകമായ നയങ്ങൾ ഗവൺമെന്റ് സ്വീകരിക്കുന്നതും വളർച്ചയ്ക്ക് ആക്കംകൂട്ടും.
എഡിബിയുടെ വളർച്ചാ പ്രവചനം ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഫിച്ചിന്റേതിനൊപ്പമാണ്. റിസർവ് ബാങ്ക് 7.4 ശതമാനം പ്രതീക്ഷിക്കുന്നു.ചൈനയുടെ വളർച്ച വീണ്ടും കുറയുമെന്നാണ് എഡിബി കരുതുന്നത്. 2017ലെ 6.9 ശതമാനത്തിൽനിന്നു 2018ൽ 6.6 ശതമാനത്തിലേക്കും 2019ൽ 6.4 ശതമാനത്തിലേക്കും ചൈനീസ് വളർച്ച താഴും.
ഏഷ്യയിലെ ഏറ്റവും വേഗം വളരുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്നു റിപ്പോർട്ട് പറയുന്നു.ക്രൂഡ് ഓയിൽ വിലയാണ് സൂക്ഷിക്കേണ്ടത്. അതു വർധിച്ചാൽ നാണ്യപ്പെരുപ്പം കൂടും; വളർച്ചയും വാണിജ്യവും കുറയും: എഡിബി മുന്നറിയിപ്പ് നല്കി.