വടക്കഞ്ചേരി: പരസ്യബോർഡുകളിലെ അലങ്കാരങ്ങളല്ല ഇത്. രണ്ടുവർഷത്തെ പ്രളയത്തിനുശേഷം കോവിഡ് മഹാമാരി വരുത്തിയ നഷ്ടങ്ങളുടെ വഴിയോര കാഴ്ചകളാണിത്.
പാതയോരങ്ങളിലെ കൂറ്റൻബോർഡുകൾ ഇപ്പോൾ വള്ളിപടർപ്പുകൾ കയറി അനാഥമായിരിക്കുന്നു. പരസ്യബോർഡുകൾ പുതുക്കി പ്രദർശിപ്പിക്കാൻ ഉത്പന്ന കന്പനികളോ വ്യാപാരസ്ഥാപനങ്ങളോ താത്പര്യം കാണിക്കുന്നില്ല.
ബിസിനസ് മേഖല തകർന്നതിന്റെ പ്രത്യക്ഷ അടയാളങ്ങളാണിതെല്ലാം. കോവിഡ് വ്യാധിയിൽ സാന്പത്തികഞെരുക്കം പിടിമുറുക്കിയപ്പോൾ ഉത്പന്നങ്ങൾ വാങ്ങാൻ ആളില്ലാതായി.
കന്പനികളിൽ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്ന സ്ഥിതിവന്നു. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഏറ്റവും ആവശ്യമായവ ഏതെന്ന് തെരഞ്ഞെടുത്ത് ഉപഭോക്താക്കൾ മുൻഗണന ലിസ്റ്റ് തയാറാക്കിയപ്പോൾ അത്യാവശ്യമല്ലാത്തവ പിന്തള്ളപ്പെട്ടു.
ബിസിനസ് നടക്കാതെ പരസ്യങ്ങൾക്ക് വലിയ തുക ചെലവഴിക്കാൻ കന്പനികൾക്കും കഴിയാത്ത സ്ഥിതിയായി. ബോർഡുകൾ സ്ഥാപിക്കുന്ന സ്ഥലത്തിന്റെ വാടകപോലും കൊടുക്കാൻ കഴിയാതെ ബോർഡുകൾ അഴിച്ചുവയ്ക്കുന്ന സ്ഥിതിയുമുണ്ടെന്ന് ഈ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന വടക്കഞ്ചേരി താന്നിപ്പതിയിൽ ഷിജോ പറഞ്ഞു.
രണ്ടുവർഷത്തെ പ്രളയത്തിനുശേഷം ഒരു ഉയിർത്തെഴുന്നേല്പ് പ്രതീക്ഷിച്ച് കുതിക്കുന്നതിനിടെയാണ് പ്രതീക്ഷകളെല്ലാം തകിടംമറിച്ചുള്ള കോവിഡിന്റെ വരവ്. മഹാമാരി മറ്റു രാജ്യങ്ങളിലെല്ലാം പടർന്നുപിടിച്ചപ്പോഴും ആരോഗ്യരംഗത്ത് കരുത്ത് തെളിയിച്ചിട്ടുള്ള കേരളത്തിൽ കോവിഡ് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കില്ലെന്നായിരുന്നു തുടക്കത്തിലുണ്ടായ കണക്കുകൂട്ടൽ.
പക്ഷേ, എല്ലാം തെറ്റിച്ച് കേരളത്തിലും കോവിഡ് താണ്ഡവമാടുകയാണ്. പഴയ ദാരിദ്ര്യം വരെ തിരിച്ചുവന്നാലും അതിശയിക്കാനില്ലെന്നാണ് ലക്ഷങ്ങളുടെ പരസ്യബോർഡുകൾ സ്ഥാപിച്ച് ബിസിനസ് നടത്തിയിരുന്ന ഷിജോ പങ്കുവയ്ക്കുന്നത്.
നിർമാണമേഖല കൂടി പൂർണമായും തളരുന്ന സ്ഥിതിയുണ്ടായാൽ വ്യാപാരമേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനൊപ്പം നിത്യവൃത്തിക്ക് വഴിയില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടും. പരസ്യബോർഡ് രംഗത്തെ തൊഴിലാളികൾ ഉൾപ്പെടെ ഈ മേഖലയുമായി ബന്ധപ്പെട്ട് കേരളത്തിൽ രണ്ടുലക്ഷത്തോളം ആളുകളുണ്ടെന്നാണ് കണക്ക്.
എറണാംകുളം കേന്ദ്രീകരിച്ചാണ് കൂറ്റൻ പരസ്യബോർഡുകൾ കൂടുതലുള്ളത്. ഏറ്റവും കുറവ് പാലക്കാട് ജില്ലയിലും. കേരളത്തിന്റെ മധ്യത്തിലുള്ള തൃശൂർ ജില്ലയിലും ബോർഡ് സ്ഥാപിക്കൽ ചെലവേറിയതാണ്.
എറണാംകുളം റൂട്ടിൽ പുതുക്കാട്, ആന്പല്ലൂർ ഭാഗങ്ങളിൽ ബോർഡുകളുടെ മത്സരം തന്നെയുണ്ട്. ടൗണുകൾക്കടുത്ത് കാഴ്ച കൂടുതലുള്ള സ്ഥലമാണെങ്കിൽ ബോർഡ് സ്ഥാപിക്കുന്നതിന് ഉയർന്ന ചാർജ് വരും. സ്ഥലവാടകയാണ് ഇതിൽ പ്രധാനം.
ബോർഡിന്റെ വലിപ്പത്തിന് അനുസരിച്ചും തുകയിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് ഷിജോ പറഞ്ഞു. ടൗണിനടുത്ത് നല്ല കാഴ്ചയുള്ള സ്ഥലത്ത് അയ്യായിരം ചതുരശ്ര അടിയിലുള്ള ഒരു ബോർഡ് സ്ഥാപിക്കാൻ 12 ലക്ഷമെങ്കിലും ചെലവുവരും.
ഇത്തരം സ്ഥലങ്ങളിൽ സ്ഥലവാടക മുൻകൂർ നല്കണം. ബ്രാൻഡഡ് കന്പനികളാണ് ഇത്തരത്തിൽ അയ്യായിരം മുതൽ പതിനായിരം ചതുരശ്രഅടി വലിപ്പമുള്ള ബോർഡുകൾ സ്ഥാപിക്കാൻ ഏജൻസികൾക്ക് ഓർഡർ നല്കുക.
ആയിരം ചതുരശ്രയടിയിലുള്ള ബോർഡുകളാണ് സാധാരണയായി കന്പനികളും വ്യാപാരസ്ഥാപനങ്ങളും സ്ഥാപിക്കുന്നത്. വർഷത്തിൽ ഓണം, ദീപാവലി സീസണിലാണ് വ്യാപാര സ്ഥാപനങ്ങൾ കൂടുതലായി പരസ്യരംഗത്ത് ശ്രദ്ധിക്കാറുള്ളത്.
പാതയോരങ്ങളിലെ പരസ്യബോർഡുകളെല്ലാം മനോഹരമാക്കുന്നതും ഈ സമയങ്ങളിലാണ്. പുതിയ ഉത്പന്നങ്ങൾ ഉപഭോക്താക്കളെ പരിചയപ്പെടുത്തുന്നതും പത്രങ്ങൾക്കു പുറമേ വന്പൻ ബോർഡുകൾ വഴിയാണ്.
ഫ്ളെക്സുകൾക്ക് നിയന്ത്രണം വന്നതോടെ തുണിയാണ് ബോർഡുകളിൽ സ്ഥാപിക്കുന്നത്. ഇതിനാൽ മൂന്നുമാസം കൂടുന്പോൾ മാറ്റി പുനഃസ്ഥാപിക്കണം. ഇതും പരസ്യബോർഡ് സ്ഥാപിക്കുന്നതിനുള്ള ചെലവ് ഉയരാൻ കാരണമാകുന്നു.
വ്യാപാരമാന്ദ്യത്തിൽ സ്ഥലഉടമകളുടെ വരുമാനവും ഇല്ലാതായി. അതല്ലെങ്കിൽ നല്ലകാഴ്ച കിട്ടുന്ന പാതയോരത്തെ സ്ഥലമാണെങ്കിൽ വർഷത്തിൽ ലക്ഷങ്ങൾവരെ വരുമാനം കിട്ടിയിരുന്നു.