ആലപ്പുഴ : നിയമപ്രകാരം ഈടാക്കുന്ന ട്യൂഷൻ ഫീസിനുപുറമേ മറ്റൊരു തരത്തിലുള്ള പണപ്പിരിവും സ്കൂൾ അധികൃതർ നടത്തുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന സിലബസ് സ്കൂളുകൾക്ക് ഉത്തരവ് ബാധകമായിരിക്കുമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
വിദ്യാഭ്യാസ ഡയറക്ടടർ, ഹയർസെക്കൻഡറി ഡയറക്ടർ എന്നിവർക്കാണ് കമ്മീഷൻ നിർദേശം നൽകിയത്. പ്ലസ് വണിൽ ചേർന്ന വിദ്യാർഥികളിൽ നിന്ന് സ്കൂൾ വികസനനിധി എന്ന പേരിൽ പണം പിരിച്ച ആലപ്പുഴയിലെ ഒരു സ്കൂളിനെതിരേ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ഉത്തരവ്.
കമ്മീഷന്റെ നിർദേശാനുസരണം സംസ്ഥാനത്തെ എല്ലാ ഹയർസെക്കൻഡറി സ്കൂളുകളിലും വിജിലൻസ് സ്ക്വാഡ് പരിശോധന നടത്തിയെന്ന് ഹയർസെക്കൻഡറി ഡയറക്ടർ കമ്മീഷനെ അറിയിച്ചു. 38 കുട്ടികളിൽ നിന്നും ആലപ്പുഴയിലെ സ്കൂൾ 2,500 രൂപ വീതം പിരിച്ചു.
ഇത് വിദ്യാർഥികൾക്ക് തിരികെ വാങ്ങി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. വിദ്യാർഥികളിൽ നിന്നും പണം പിരിക്കരുതെന്ന് സർക്കാർ സർക്കുലർ ഇറക്കിയിട്ടുള്ളതായി കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഇത്തരം നിയമവിരുദ്ധ നടപടികൾ സ്കുളുകളിൽ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. ആർഐടി കേരള ഫെഡറേഷൻ സെക്രട്ടറി ജോയി പവേലിൽ നൽകിയ പരാതിയിലാണ് നടപടി.