അദീല അബ്ദുള്ള! തിരിച്ചുപിടിച്ചത് വമ്പന്മാര്‍ കയ്യേറിയ 60 കോടിയിലേറെ വിലവരുന്ന ഭൂമി; കൊച്ചി സബ്കളക്ടര്‍ സ്ഥാനത്തുനിന്നും ~കസേര തെറിച്ച~ ഐഎഎസുകാരിയുടെ കഥ

adeela-abdulla1

തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ കൃത്യനിര്‍വ്വഹണം നടത്തുന്നവരാണ് ഐഎഎസുകാര്‍ എന്നാണ് പൊതുവെയുള്ള വിശ്വാസം. അഴിമതിയ്‌ക്കെതിരേ പടപൊരുതുന്നതില്‍ പുതുതലമുറയിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ ഒരു പടി മുമ്പിലാണെന്നു പറയാം. ശ്രീരാം വെങ്കിട്ടരാമനും, പ്രശാന്ത് നായരും, ഷൈനമോളും, ടി വി അനുപമയുമൊക്കെ വ്യത്യസ്തരാകുന്നത് വെള്ളം ചേര്‍ക്കാത്ത കൃത്യനിര്‍വഹണമാണ്. ഇത്തരക്കാര്‍ എന്നും രാഷ്ട്രീയക്കാരുടെ നോട്ടപ്പുള്ളികളാണ്. അഴിമതിയ്‌ക്കെതിരേ പ്രവര്‍ത്തിക്കുമ്പോള്‍ സ്ഥലം മാറ്റുന്നതും ഒതുക്കുന്നതും പതിവാണു താനും.

ഇങ്ങനെ തെറ്റായ മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരെ സഹായിക്കാന്‍ വേണ്ടി ഭരിക്കുന്നവര്‍ തന്നെ രംഗത്തെത്തിയപ്പോള്‍ സ്ഥലം മാറ്റപ്പെട്ടത് ഫോര്‍ട്ട് കൊച്ചിയിലെ മിടുക്കിയായ കലക്ടര്‍ അദീല അബ്ദുള്ളയെന്ന കോഴിക്കോട്ടുകാരിയായിരുന്നു. സത്യസന്ധമായി പ്രവര്‍ത്തിച്ച ഈ സബ്കലക്ടറെ മാറ്റിയത് ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി ഭൂമാഫിയ കൈവശം വെച്ച കോടികളുടെ വിലവരുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചപ്പോഴാണ്. ഒമ്പത് മാസം മാത്രമേ ഫോര്‍ട്ട് കൊച്ചി സബ്കലക്ടര്‍ സ്ഥാനത്ത് അദീല അബ്ദുള്ളയെന്ന യുവ ഐഎഎസുകാരി ഇരുന്നിട്ടുള്ളൂ. എന്നാല്‍, അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ എതിര്‍പ്പുകളെ വകവെക്കാതെ രംഗത്തിറങ്ങിയതോടെയാണ് ഇവരുടെ കസേര തെറിക്കുന്നതില്‍ എത്തിയത്. മന്ത്രിസഭയുടെ പരിഗണനയ്ക്ക് പുറത്തുള്ള വിഷയമായി കൊണ്ടു വന്നാണ് ഈ സ്ഥലംമാറ്റം എന്നത് മാത്രം മനസിലാക്കിയാല്‍ മതി അദീലയെ സര്‍ക്കാര്‍ എത്രത്തോളം ഭയന്നിരുന്നു എന്ന് വ്യക്തമാകാന്‍.
adeela-abdulla2
കയ്യേറ്റത്തിനെതിരേ ശക്തമായ നിലപാടു സ്വീകരിച്ച അദീല നെല്‍വയല്‍ നികത്തുന്നത് തടയുകയും സര്‍ക്കാര്‍ ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കുകയും ചെയത് പലരുടെയും കണ്ണില്‍ കരടായി. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലെ ഭൂമി കൈയേറ്റത്തിനെതിരെ കര്‍ശന നിലപാട് സബ്
കലക്ടര്‍ സ്വീകരിച്ചിരുന്നു. നഗരത്തിലെ പലയിടങ്ങളിലായി 60 കോടിയോളം വിലവരുന്ന ഭൂമി കൈയേറ്റം കണ്ടെത്തി അദീല അബ്ദുല്ലയുടെ നേതൃത്വത്തിലെ സംഘം നടപടി സ്വീകരിച്ചിരുന്നു. ഇതില്‍ പ്രധാനമായത് സ്വകാര്യവ്യക്തികള്‍ കൈവശം വെച്ച ആസ്പിന്‍വാള്‍ ഭൂമി സര്‍ക്കാറിലേക്ക് തിരികെ പിടിച്ചതാണ്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടപടി വെച്ചുതാമസിപ്പിക്കാതെ  പിടിച്ചു അദീലയും ഉദ്യോഗസ്ഥരും ഭൂമി തിരിച്ചു പിടിയ്ക്കുകയായിരുന്നു.

അവസാനമായി കൊച്ചിയിലെ വമ്പന്മാരുടെ കൊച്ചിന്‍ ക്ലബ് അനധികൃതമായി കൈവശം വച്ചിരുന്ന ഭൂമി കോടികള്‍ വിലവരുന്ന നാലേക്കര്‍ ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങിയതാണ് അദീലയ്ക്കു വിനയായത്. കൊച്ചിന്‍ ക്ലബ്ബില്‍ തൊട്ടപ്പോള്‍ സിപിഎമ്മിലെ തന്നെ പ്രമുഖര്‍ക്ക് പൊള്ളി എന്നാണ് അറിയുന്നത്. ഇത് കൂടാതെ വൈറ്റിലയിലും അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ അദീല നടപടിയെടുത്തു. അധികമാരും അറിയാതെ പബ്ലിസിറ്റിയില്ലാതെ ആയിരുന്നു അവരുടെ നടപടികള്‍. ഹോട്ടല്‍ ഗ്രൂപ്പായ ട്രെന്‍ഡണ്‍ കായല്‍ കൈയേറി പണിത് ബോട്ട് യാര്‍ഡ് പൊളിച്ചു നീക്കാനും നടപടി സ്വീകരിച്ചത് അദീലയായിരുന്നു.

adeela-abdulla3
പാട്ടക്കുടിശ്ശികയുള്ളവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചു. വഖഫുകള്‍ക്കും പള്ളികള്‍ക്കും പോലും ഇതിന്റെ പേരില്‍ നോട്ടീസ് നല്‍കി. ഇതോടെ ഭൂമാഫിയക്കാരുമായി ബന്ധമുള്ള ചില സി.പി.എം നേതാക്കള്‍ക്കും പൊള്ളി. അങ്കമാലിയില്‍ നടന്ന ഒരു ഭൂമി ഇടപാടില്‍ സ്വകാര്യ വ്യക്തികള്‍ ഭൂമി വില കുറച്ചു കാണിച്ച് രജിസ്റ്റര്‍ ചെയ്ത നടപടിക്കെതിരെയും അദീല മുഖം നോക്കാതെ നടപടി സ്വീകരിച്ചിരുന്നു. സ്വകാര്യ ഫഌറ്റ് നിര്‍മ്മാണസ്ഥാപനത്തിന് ഏഴരയേക്കര്‍ നികത്താന്‍ അനുമതി നല്‍കാതിരുന്നതാണ് ഒടുവിലത്തെ സംഭവം. ചുതുപ്പുനിറഞ്ഞ സ്ഥലം മണ്ണിട്ട് നികത്തുന്നതിന് അനുമതി നല്‍കാനാവില്ലെന്ന് സബ് കളക്ടര്‍ നിലപാടെടുത്തു. ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. ഇതിനെതിരേ അപ്പീല്‍ നല്‍കാനൊരുങ്ങിയെങ്കിലും നിലനില്‍ക്കില്ലെന്ന ഉപദേശമാണ് അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് ആദ്യം നല്‍കിയത്. പിന്നീട് റവന്യൂമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അപ്പീല്‍നല്‍കാന്‍ നടപടി സ്വീകരിച്ചു. അതിനിടെയാണ് സബ് കളക്ടറെ മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം. അദീലയെ മാറ്റാന്‍ സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദമുണ്ടായിരുന്ന എന്നുമാണ് അറിയുന്നത്.

പിന്നീട് കണ്ടത് പതിവ് ഒതുക്കലാണ്. സബ് കളക്ടറില്‍ നിന്ന് പാവങ്ങള്‍ക്ക് വീടുവെച്ചു നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ ചുമതലയിലേക്ക് അദീലയെ മാറ്റി.2012 സിവില്‍ സര്‍വീസ് ബാച്ചിലംഗമായ അദീല അബ്ദുള്ള കോഴിക്കോട് കുറ്റിയാടി സ്വദേശിനിയാണ്.സാധാരണ കുടുംബത്തില്‍ ജനിച്ച് സിവില്‍ സര്‍വീസ് നേടിയ അദീലയ്ക്കു വിനയായത് തൊഴിലില്‍ വെള്ളം ചേര്‍ക്കാത്ത സ്വഭാവമാണ്. കോഴിക്കോട് കുറ്റിയാടി നെല്ലക്കണ്ടി അബ്ദുള്ളയുടെയും ബിയ്യാത്തുവിന്റെയും മകളായ അദീല തന്റെ എം.ബി.ബി.എസ് പഠനത്തിനു ശേഷമാണ് ഐ.എ.എസ് എന്ന സ്വപ്നം ലക്ഷ്യം നേടാന്‍ ഇറങ്ങിത്തിരിച്ചത്. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ് നേടിയശേഷം സിവില്‍ സര്‍വ്വീസ് രംഗത്തേക്ക് കടന്നുവന്ന അദീല 2012 ല്‍ ഐ.എ.എസ് സ്വന്തമാക്കി തന്റെ ലക്ഷ്യം നിറവേറ്റി. 2013 മുതല്‍ കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടറായിരുന്നു.

തിരൂരിലെ സബ് കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദീല സാമൂഹിക പുരോഗതിക്ക് തന്നാലാകുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് സിവില്‍ സര്‍വ്വീസെന്ന സ്വപ്‌നത്തിനൊപ്പം നീങ്ങിയതെ പറയുന്നു. പെരിന്തല്‍മണ്ണ സ്വദേശി ഡോ. റബീഹാണ് അദീലയുടെ ഭര്‍ത്താവ്. എയ്‌റ റബീഹ്, ഹയ്‌സാന്‍ എന്നിവര്‍ മക്കളാണ്.

Related posts