ആര്യനാട് : കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്ന യുവാവുമായി കല്യാണ ചടങ്ങുകളെ ചൊല്ലി ഉരുത്തിരിഞ്ഞ തർക്കത്തെ തുടർന്ന് ജീവനൊടുക്കിയ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിനു കേസെടുക്കുമെന്ന് സൂചന.
മരിച്ച യുവതിയുടെ ബന്ധുക്കൾ ഇങ്ങനെയൊരു നീക്കത്തിനു തയാറായേക്കുമെന്നാണ് ആര്യനാട് പോലീസ് നൽകുന്ന സൂചന. വെള്ളനാട് പുനലാൽ തൃക്കണ്ണാപുരം സുരഭി സുമത്തിൽ രാജഗോപാലൻ നായരുടെ മകൾ ആർദ്ര (22)യാണ് കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിനെ ഫോണ് ചെയ്തു താൻ ആത്മഹത്യ ചെയ്യുകയാണെന്നും ഉടൻ തന്റെ വീട്ടിലെത്തണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
യുവാവ് ആറു കിലോമീറ്റർ അകലെയുള്ള തന്റെ വീട്ടിൽ നിന്നും ബൈക്കുമായി യുവതിയുടെ വീട്ടിൽ എത്തിയപ്പോൾ ജീവനൊടുക്കിയ യുവതിയെയാണ് കണ്ടത്. യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച വൈകുന്നേരം മരിച്ചു. യുവതിയുടെ അടുത്ത ബന്ധുക്കൾ യുവാവിനെതിരെ ആര്യനാട് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറു വർഷമായി യുവതി ഉഴമലയ്ക്കൽ കാരനാട് സ്വദേശിയും പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ മിനിസ്റ്റീരിയൽ സ്റ്റാഫുമായ യുവാവുമായി പ്രണയത്തിലായിരുന്നു. യുവതിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് വീട്ടുകാർ ഇവരുടെ വിവാഹത്തിനു സമ്മതിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ വിവാഹ ആചാരങ്ങളെക്കുറിച്ച് ഇവർക്കിടയിൽ തർക്കമുണ്ടായതായി ആര്യനാട് പോലീസ് പറഞ്ഞു.
ഇതേച്ചൊല്ലി ഇവർ തമ്മിൽ രജിസ്റ്റർ വിവാഹം നടത്താൻ ഒരുങ്ങിയെങ്കിലും അതും നടന്നില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മൈസൂരിൽ എംഎസ്സി വിദ്യാർഥിനിയാണ് ആർദ്ര. അമ്മ ചന്ദ്രജയ, സഹോദരി സുരഭി.