സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: അഞ്ചാം ക്ലാസില്‍ പഠിക്കുന്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പത്തുരൂപ സംഭാവന ചെയ്ത ആര്.എ ആദര്‍ശിനെ ആദ്യം ശിരസില്‍ കൈകള്‍ വച്ച് അനുഗ്രഹിച്ചത് അപ്പൂപ്പന് പരമേശ്വരനും അമ്മൂമ്മ തങ്കമ്മയുമാണ്.
അച്ഛന് രമേശന്‍നായരും അമ്മ ആശയും മകനെ പ്രോത്സാഹിപ്പിച്ചു. വ്ളാത്താങ്കര വൃന്ദാവന്‍ ഹൈസ്കൂളില്‍ ഇപ്പോള്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന ആദര്‍ശ് ഇക്കാലമത്രയും മുടങ്ങാതെ എല്ലാ മാസവും പത്തു രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് മണി ഓര്‍ഡര്‍ അയക്കാറുണ്ട്.
സ്കൂളുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്ന പേരില്‍ മണി ബോക്സ് എന്ന ആശയം മുഖ്യമന്ത്രിയോട് നേരില്‍ അവതരിപ്പിച്ച ഈ ബാലനെ കഴിഞ്ഞ ദിവസം തേടിയെത്തിയത് ദേശീയ അംഗീകാരം. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്സില്‍ ആദര്‍ശിന്റെ നന്മ നിറഞ്ഞ ഈ ആശയവും ഇടം പിടിച്ചു.
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടമാണ് തന്നില്‍ ഇത്തരമൊരു ചിന്തയ്ക്ക് വിത്തു പാകിയതെന്ന് ആദര്‍ശ് പറയുന്നു. ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള നിശ്ചിതതുക എത്തിക്കണമെന്ന ഉത്തരവ് മുഖ്യമന്ത്രി കളക്ടര്‍ക്ക് നല്‍കുന്നതിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു.
അച്ഛനോട് അനുമതി വാങ്ങി അടുത്ത മാസം മുതല്‍ പത്തു രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മണി ഓര്‍ഡര്‍ അയച്ചുതുടങ്ങി. 2016 മെയ് മാസത്തില്‍ ആരംഭിച്ച ഈ എളിയ ദൗത്യം ഇപ്പോഴും തുടരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്ന ശീര്‍ഷകത്തില്‍ സ്കൂളുകളില്‍ മണി ബോക്സ് പദ്ധതി തുടങ്ങാവുന്നതാണെന്ന് നേരില്‍ കാണാന്‍ അവസരം ലഭിച്ചപ്പോള്‍ ആദര്‍ശ് മുഖ്യമന്ത്രി പിണറായി വിജയനോടും പറഞ്ഞു. പ്രോജക്ടായി നല്കാന് അദ്ദേഹം നിര്‍ദേശിച്ചു.
അതിന്‍പ്രകാരം ആദര്‍ശ് പ്രോജക്ട് തയാറാക്കി സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ നിന്നും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, മാനേജ്മെന്റ് സ്കൂളുകള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്ന പേരില്‍ മണി ബോക്സ് സ്ഥാപിക്കണമെന്ന ഉത്തരവ് നല്‍കേണ്ടതാണ്.
വര്‍ഷത്തിലൊരിക്കലാണ് ഈ ബോക്സ് തുറക്കേണ്ടത്. മാര്‍ച്ച് ഒന്ന് മുതല്‍ പത്തു ദിവസങ്ങള്‍ക്കകം സ്കൂള്‍ പ്രഥമാധ്യാപകന് മറ്റു അധ്യാപകരുടെയും ക്ലാസ് ലീഡര്‍മാരുടെയും സാന്നിധ്യത്തില്‍ ബോക്സ് തുറക്കണം.
തുക മണി ഓര്‍ഡറായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അയക്കാവുന്നതാണ്. കൂടുതല്‍ തുക അയക്കുന്ന സ്കൂളിന് ദുരിതാശ്വാസ വകുപ്പിലെയോ വിദ്യാഭ്യാസ വകുപ്പിലെയോ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നേരിട്ട് കൈമാറണം.
സ്കൂളുകള്‍ക്കും കുട്ടികള്‍ക്കും ദുരിതാശ്വാസനിധിയോടുള്ള അര്‍പ്പണ മനോഭാവം വളര്‍ത്താന്‍ ഈ നടപടി സഹായിക്കും. സ്റ്റീലിലും പ്ലാസ്റ്റിക്കിലും ലഭ്യമാകുന്ന മണി ബോക്സിന് 500 രൂപയില്‍ താഴെയേ വില വരൂ എന്നും ആദര്‍ശ് ചൂണ്ടിക്കാട്ടുന്നു.
മണി ബോക്സിലെ തുകയില്‍ നിന്നും വില അധ്യാപികയ്ക്ക് തിരിച്ചെടുക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ യാതൊരു സാന്പത്തിക ബാധ്യതയും ഉണ്ടാകുന്നുമില്ല. നാടിനും വീട്ടിനും നല്ല പൗരന്മാരെ വാര്‍ത്തെടുക്കാന്‍ പദ്ധതി ഗുണകരമാകുമെന്നും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പ്രോജക്ടില്‍ ആദര്‍ശ് വ്യക്തമാക്കി.
പദ്ധതിക്കു ഇനിയും സദുദ്ദേശ്യമുണ്ടെന്നും ഈ മിടുക്കന് പറയുന്നു. സ്കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്നിന്റെയും ലഹരിവസ്തുക്കളുടെയും വര്‍ധിച്ചുവരികയാണ്.
കുട്ടികളുടെ പക്കലുള്ള കാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ബോക്സിലേയ്ക്ക് നിക്ഷേപിക്കാനുള്ള പ്രവണത പ്രോത്സാഹിപ്പിക്കപ്പെട്ടാല് ലഹരിവസ്തുക്കള്‍ വാങ്ങാന്‍ തത്പരരായ വിദ്യാര്‍ഥികളും ക്രമേണ പണം തെറ്റായ പ്രവൃത്തികളില്‍ വിനിയോഗിക്കാതെ ഈ നന്മയുടെ ഭാഗമായേക്കാം.
ആദര്‍ശിന്റെ അഭിപ്രായം മുഖവിലയ്ക്കെടുത്ത് ഇക്കഴിഞ്ഞ പ്രളയത്തിനുശേഷം സെപ്തംബര്‍ രണ്ടു മുതല്‍ ആറു വരെ സ്കൂളുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവനകള്‍ സമാഹരിച്ചിരുന്നു. രണ്ടു കോടി 81 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേയ്ക്ക് ഇങ്ങനെ പ്രാപ്തമായതായി ആദര്‍ശ് പറഞ്ഞു.
ഭാവിയില്‍ ഐപിഎസ് ആകണമെന്നതാണ് ആദര്‍ശിന്റെ സ്വപ്നം. പി. വിജയന് ഐപിഎസ് ആണ് ആദര്‍ശിന്റെ റോള്‍ മോഡല്‍. അനുജത്തി അവന്തിക ഉള്‍പ്പെടെ കുടുംബാംഗങ്ങളും സ്കൂള്‍ അധ്യാപകരും കൂട്ടുകാരുമെല്ലാം ആദര്‍ശിന്റെ കാരുണ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വവിധ പിന്തുണയുമേകുന്നു.