എരുമപ്പെട്ടി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി കടന്നുകളഞ്ഞ കർണാടക സ്വദേശിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.
കർണാടക ചാമരാജ് നഗർ കോടിമല സ്വദേശി ചിന്നസ്വാമി (24) യെയാണ് ഇൻസ്പെക്ടർ കെ.കെ. ഭൂപേഷിന്റെ നേതൃത്വത്തിൽ കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2019 ഒാഗസ്റ്റിലാണു 15 വയസുകാരി പീഡനത്തിന് ഇരയായത്.
പ്രതി താറാവ് വളർത്തൽ തൊഴിൽ ചെയ്തു വേലൂരിൽ കഴിയുകയായിരുന്നു. പ്രണയംനടിച്ച് പ്രലോഭിപ്പിച്ചു പുലിയന്നൂർ പാടശേഖരത്തിൽവച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.
സംഭവത്തിനുശേഷം ഇയാൾ കർണാടകയിൽ പോയി വിവാഹം കഴിച്ചു കഴിയുകയായിരുന്നു. 2020 ഏപ്രിൽ മാസത്തിൽ പെണ്‍കുട്ടി പ്രസവിച്ചപ്പോഴാണു സംഭവം പുറത്തറിഞ്ഞത്.
തുടർന്ന് എരുമപ്പെട്ടി പോലീസ് പോക്സോ വകുപ്പ് ചേർത്തു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കർണാടകയിൽ അടയ്ക്ക വ്യാപാരം നടത്തിവന്നിരുന്ന പ്രതിയെ പോലീസ് കഴിഞ്ഞദിവസം പിടികൂടുകയായിരുന്നു.
എഎസ്ഐമാരായ സന്തോഷ് ദേവസി, കെ.ആർ. ജയൻ, സിപിഒ ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.