വൈപ്പിൻ: മനുഷ്യക്കടത്തിൽപ്പെട്ട് കുവൈറ്റിലെത്തി അവിടെ ജോലിനോക്കിയിരുന്ന വീട്ടിൽ വീട്ടുതടങ്കലിലെന്നോണം കഴിഞ്ഞിരുന്ന എറണാകുളം ചെറായി സ്വദേശിനി അജിത നാട്ടിൽ തിരിച്ചെത്തി.
സംഭവം വിവാദമാകുകയും എംബസി അധികൃതരും നോർക്ക അധികൃതരും ഇടപെടുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ അജിതയെ ഏജന്റ് യാതൊരു ഉപാധികളുമില്ലാതെ നാട്ടിലേക്ക് കയറ്റിയയയ്ക്കുകയായിരുന്നെന്ന് ഭർത്താവ് ലിനീഷ് പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് അജിത നെടുന്പാശേരി വിമാനത്താവളം വഴി വീട്ടിലെത്തിയത്.
കുവൈറ്റിൽ അനുഭവിച്ച വിഷമതകളും തിരിച്ചെത്തിയതിന്റെ ആശ്വാസവും ആഹ്ളാദവും അടക്കാനാകാതെ തന്റെ പത്തുവയസുകാരനായ ഏകമകൻ ആദിത്യനെ കെട്ടിപ്പിടിച്ച് അജിത വാവിട്ടുകരഞ്ഞു.
കുട്ടികളെ നോക്കുന്ന ജോലിക്ക് പ്രതിമാസം 30,000 രൂപ ശന്പളം വാഗ്ദാനം ചെയ്ത് വിസയും വിമാനടിക്കറ്റുമെല്ലാം സൗജന്യമായി നൽകിയാണ് നിർധനയായ അജിതയെ ഏജന്റ് കുവൈറ്റിലേക്ക് കൊണ്ടുപോയത്.
ഏപ്രിൽ 14നു നാട്ടിൽനിന്ന് പുറപ്പെട്ട അജിത ഒരാഴ്ചയോളം ഏജന്റിന്റെ വനിതാ സുഹൃത്തിന്റെ കൂടെയായിരുന്നു.
പിന്നീടാണ് ഒരു അറബിയുടെ വീട്ടിൽ ജോലിക്കായി ആക്കിയത്. അവിടെ 25 ദിവസത്തോളം പിന്നിട്ടപ്പോഴാണ് പീഢനം തുടങ്ങിയതെന്ന് അജിത പറയുന്നു.
ഉറങ്ങാൻ സമ്മതിക്കാതെ തുടർച്ചയായി ജോലിചെയ്യാൻ ആവശ്യപ്പെട്ടായിരുന്നു പീഢനം. പരാതി പറയുന്പോഴും ശന്പളം ചോദിക്കുന്പോഴും വീട്ടുകാർ മർദിച്ചു.
വീട്ടിലെ വികൃതികളായ കുട്ടികൾ കത്തികൊണ്ട് കുത്തി. അസുഖം പിടിപെട്ടപ്പോൾ ചികിത്സപോലും നൽകിയില്ല.
തിരികെ നാട്ടിലേക്ക് പോകണമെന്ന് ഏജന്റിനോട് ആവശ്യപ്പെട്ടപ്പോൾ അറബിക്ക് 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു നിർദേശം.
ഹൈബി ഈഡൻ എംപി വഴി ഭർത്താവ് നൽകിയ പരാതിയിൽ എംബസി നടപടികൾക്ക് മുതിർന്നപ്പോഴാണ് നഷ്ടപരിഹാരം നൽകാതെതന്നെ അജിതയ്ക്ക് നാട്ടിലെത്താനായത്.