താമരശേരി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനെന്ന് പരിചയപ്പെടുത്തി ജോലി വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ അന്വേഷണം ഊര്‍ജ്ജിതം .
കോട്ടയം ചങ്ങനാശ്ശേരി വാഴൂര്‍ മണ്ണ് പുരയിടത്തില്‍ അരുണ്‍ രവീന്ദ്രന് (36)നെയാണ് കൊടുവള്ളി പോലീസ് മെയ്മാസം 20ന് അറസ്റ്റ് ചെയ്തത്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) ശാസ്ത്രജ്ഞന് ചമഞ്ഞ് സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജോലി വാഗ്ദാനം ചെയ്ത് പണവും സ്വര്‍ണവും തട്ടിയെടുത്തെന്ന പാരതിയില്‍ അന്വേഷണത്തില്‍ പിടിയിലായ ഇയാള്‍ റിമാന്‍ഡിലാണ്.
സംസ്ഥാനത്തിനകത്തും പുറത്തും തട്ടിപ്പ് നടത്തിയതായാണ് വിവരം. ഇക്കാര്യം കൊടുവള്ളി പോലീസ് അന്വേഷിച്ചുവരികയാണ്. കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് മറിവീട്ടില്താഴത്ത് സ്വകാര്യ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരികയായിരുന്ന ഇയാള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലിരിക്കുമ്പോഴാണ് കൊടുവള്ളി സിഐ പി. ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
മറിവീട്ടില്‍ താഴം സ്വദേശി സുകേഷില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് രണ്ടര പവന് സ്വര്‍ണവും 25000 രൂപയും മറിവീട്ടില്‍താഴം ലോഹിതാക്ഷനില്‍ നിന്ന് 25000 രൂപയും ഇയാള്‍ തട്ടിയെടുത്തിരുന്നു.
കേവലം ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയില്‍ 118-ാം റാങ്ക് ജേതാവാണെന്നും എംടെക് ബിരുദധാരിയാണെന്നും പറഞ്ഞാണ് ആളുകളില്‍നിന്ന് പണം തട്ടിയെടുത്തിരുന്നത്.
സംശയം തോന്നാതിരിക്കാന്‍ കേന്ദ്ര ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞന് എന്ന് തെളിയിക്കുന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ് ആളുകളെ പരിയയപ്പെടുന്നത്.
സമൂഹമാധ്യമങ്ങള്‍ വഴി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായി ബന്ധപ്പെട്ടും ഇയാള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി സൂചനയുണ്ടായിരുന്നു.