കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതിളായ സ്വപ്ന സുരേഷിന്റെ നെഞ്ചുവേദനയും റമീസിന്റെ വയറുവേദനയും വയറ്റിളക്കവും നാടകമെന്നു തെളിയുമ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടന്നു സ്വപ്ന വിളിച്ചതും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും ഫോണ്‍വിളികളിലൂടെ.
കേരള രാഷ്ട്രീയത്തിലെ പ്രമുഖരായ രണ്ടു പേരെയാണ് സ്വപ്ന വിളിച്ചത്. ചിറ്റപ്പനെയും അങ്കിളിനെയുമാണ് സ്വപ്ന വിളിച്ചതെന്നാണു പുറത്തു പ്രചരിക്കുന്ന വാര്‍ത്ത. ഒരാള്‍ മന്ത്രിയാണെന്നും മറ്റൊരാള്‍ രാഷ്ട്രീയ നേതാവാണെന്നുമാണ് പുറത്തുവരുന്ന വിവരം. നേരിട്ടല്ല ഇവരുടെ പരിചയക്കാരെയാണ് വിളിച്ചത്.
ആ നെഞ്ചുവേദന
നെഞ്ചുവേദനയുടെ പേരില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് ഫോണ്‍ വിളി ഉണ്ടായതെന്നസംശയത്തിനു പിന്നാലെയാണ് എന്‍ഐഎ. നെഞ്ചുവേദനയുടെ കാരണം കണ്ടെത്താനുള്ള ആന്‍ജിയോഗ്രാം പരിശോധന നടത്തുന്നതിന് തൊട്ടുമുന്‍പ് തന്റെ നെഞ്ചു വേദന മാറിയെന്നും ഇനി പരിശോധന വേണ്ടെന്നും സ്വപ്ന അറിയിച്ചു ജയിലിലേക്കു തന്നെ മടങ്ങി. എന്നാല്‍, എന്‍ഐഎ സ്വപ്നയുടെ ഫോണ്‍ വിളികള്‍ക്കു പിന്നാലെയുണ്ട്. ടവര്ലോക്കഷനിലൂടെ എന്‍ഐഎ സ്വപ്ന വിളിച്ചവരെയും ഇവരെ കണ്ടവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ്.
സ്വപ്ന വിളിച്ചതു സെല്‍ഫിയെടുത്ത ഒരു പോലീസുകാരുടെ ഫോണിലാണെന്ന സംശയത്തിലാണ് എന്‍ഐഎ. സ്വപ്നയ്ക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നു മെഡിക്കല്‍ ബോര്‍ഡ് വീണ്ടും സ്ഥിരീകരിച്ചതോടെ ആശുപത്രിവാസം നാടകമായിരുന്നെന്നു ജയില്‍വകുപ്പിനു വ്യക്തമായി.
സ്വപ്നയെയും സ്വപ്നയെയും റമീസിനെയും എന്‍ഐഎ വീണ്ടും ചോദ്യംചെയ്യാന്‍ ഒരുങ്ങുന്നതിനിടെ തങ്ങളുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ ഒഴിവാക്കാനും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യാനും വേണ്ടിയാണ് ഒരേസമയം ഇരുവരും ആശുപത്രിവാസം തരപ്പെടുത്തിയതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഇവരെ സന്ദര്‍ശിച്ചവരുടെയും ഫോണിലൂടെ ബന്ധപ്പെട്ടവരെയും എന്‍ഐഎ പിന്തുടരുന്നണ്ട്.
വരാൻ പോകുന്നത്
സ്വര്‍ണക്കടത്തിലെ ആസൂത്രക സ്വപ്ന സുരേഷിന്റെ മൊബൈല്‍ ഫോണില്‍നിന്നു എന്‍ഐഎയ്ക്കു ലഭിച്ചതു കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന വിവരങ്ങളാണ്. നിരവധി പ്രമുഖരാണ് സ്വപ്നയുടെ ഫോണിലുള്ളത്.
ഇതില്‍ ഒരു മന്ത്രി കൂടി കടന്നു വരുന്നുവെന്നതാണ് പ്രത്യേകത. ഇദ്ദേഹത്തെയും സ്വര്‍ണ കടത്ത് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യാനാണു സാധ്യത. പലതും വാട്സാപ്പിലൂടെയുള്ള ആശയ വിനിമയമായിരുന്നു. ഫോട്ടോകള്‍ പലതും തിരിച്ചു പിടിച്ചു. ഇതെല്ലാം നിര്‍ണായക വിവരങ്ങളായി മാറുകയാണ്.
ഇങ്ങനെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മറ്റൊരു മന്ത്രി കൂടി സംശയ നിഴലിലാകുന്നത്. സ്വപ്നയുമായി ഈ മന്ത്രിക്ക് എന്ത് തരം ബന്ധമാണുണ്ടായിരുന്നതെന്നതിനെ കുറിച്ചാണ് അന്വേഷണം.
ഈ മന്ത്രിയുമായുള്ള നിരന്തര ആശയവിനിമയത്തിന്റഎ വിവരങ്ങള്‍ ലഭ്യമായതായാണു സൂചന. ഇതെല്ലാം സിപിഎം കണ്ണൂര്‍ ലോബിയെ പിടിച്ചു കുലുക്കുന്ന വിവരങ്ങളാണ്. കോടിയേരിയുടെ മകന് ബിനീഷിനെ കൂടാതെ രണ്ടു മന്ത്രിമാരുടെ പുത്രന്മാരും സംശയനിഴലിലാണ്.
നിർണായകം
എന്‍ഐഎയും കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) മുന്‍പു നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്ന പേരു വെളിപ്പെടുത്താതിരുന്ന പ്രമുഖരുമായുള്ള ഓണ്‍ലൈന്‍ ആശയ വിനിമയ വിവരങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയത്.
അതി നിര്‍ണായകമാണ് ഈ തെളിവുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വപ്നയെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. സ്വപ്നയുടെയും സന്ദീപിന്റെയും മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്, ഹാര്‍ഡ് ഡിസ്ക് എന്നിവയില്‍നിന്നു 2,000 ജിബി ഡേറ്റയും വീണ്ടെടുത്തു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത ആറു വനിതാ പോലീസുകാരെക്കുറിച്ചു ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
ഇവര്‍ സ്വപ്നയ്ക്കൊപ്പം സെല്‍ഫിയെടുത്തത് ഏതു സാഹചര്യത്തിലാണ് എന്നതാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. പോലീസുകാര്‍ക്കു സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടായോ എന്നതും പരിശോധിക്കും.
ഇവരുടെ ഫോണ്‍ വിളികളും അന്വേഷണ പരിധിയില്‍ ഉണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്ചടക്കനടപടി എടുക്കാനാണ് നിലവിലെ തീരുമാനം.
സെൽഫിയും താക്കീതും
ആദ്യതവണ നെഞ്ചുവേദനക്ക് ചികിത്സയില്‍ കഴിയുമ്പോഴാണ് ത്യശൂര്‍ സിറ്റി പോലീസിലെ വനിത പോലീസുകാര്‍ സ്വപ്നക്കൊപ്പം സെല്‍ഫിയെടുത്തത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വാര്‍ഡില്‍ വച്ചായിരുന്നു വിവാദ സെല്‍ഫി.
വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പോലീസുകാരെ താക്കീത് ചെയ്യുകയും ചെയ്തു. കൗതുകത്തിനാണ് തങ്ങള്‍ സ്വപ്നയ്ക്കൊപ്പം സെല്‍ഫിയെടുത്തതെന്നാണ് ഇവര്‍ അറിയിച്ചത്.
എന്നാല്‍ ഈ സൗഹൃദത്തിലൂടെ ഫോണ്‍ കരസ്ഥമാക്കി സ്വപ്ന വിളിച്ചോ എന്നും സ്വപ്നയ്ക്കു ഇവര്‍ ആരെങ്കിലും ഫോണ്‍ നല്‍കിയോ എന്നുംഎന്ഐഎ പരിശോധിക്കുന്നുണ്ട്.