തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ശിപാർശ. പി.വി. അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളിലാണ് ഡിജിപി ഷേഖ് ദർവേഷ് സാഹിബിന്റെ നടപടി.
ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം തുടങ്ങി പി.വി.അൻവർ എംഎൽഎ അജിത്കുമാറിനെതിരേ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് ഡിജിപി അന്വേഷണത്തിന് ശിപാർശ ചെയ്തിരിക്കുന്നത്.
നിലവിൽ പി.വി. അൻവറിന്റെ പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ഡിജിപി തല അന്വേഷണം തുടരുകയാണ്. അതിനു പുറമെ സാന്പത്തിക ആരോപണങ്ങൾ പ്രത്യേകം അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് അന്വേഷണത്തിന് ശിപാർശ നൽകിയത്.
ഡിജിപി നൽകിയ ശിപാർശ വിജിലൻസിന് കൈമാറും. വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ട് കേസ് അന്വേഷിക്കാനാണ് സാധ്യത. എഡിജിപി അജിത് കുമാറും അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.