തിരുവനന്തപുരം: എഡിജിപി. എം.ആർ അജിത്ത് കുമാറിന്റെ മൊഴി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ധരിപ്പിക്കും. ഡൽഹിയിൽ നിന്നും മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയ ശേഷം ക്ലിഫ് ഹൗസിലെത്തിയായിരിക്കും കൂടിക്കാഴ്ച നടത്തുക. പി.വി അൻവർ എംഎല്എ നേരിട്ട് നൽകിയ പരാതിയുടെ വിശദാംശങ്ങളും മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കും.
ഇന്നലെ എഡിജിപിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയപ്പോൾ സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാറും ഡിജിപിയോടൊപ്പം ഉണ്ടായിരുന്നു. അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ബാഹ്യശക്തികളാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് എഡിജിപി സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ മൊഴിയെന്നാണ് സൂചന.
സ്വർണക്കടത്ത് സംഘങ്ങളും ചില തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരും ഗുഢാലോചനക്ക് പിന്നിലുണ്ടെന്നും സംശയമുണ്ടെന്ന് എഡിജിപി. മൊഴി നൽകിയെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങളും തെളിവുകളും നൽകാൻ അവസരം നൽകണമെന്ന് എഡിജിപി ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. എഡിജിപിയിൽ നിന്നും വീണ്ടും മൊഴിയെടുക്കാൻ സാധ്യതയുണ്ട്.
എഡിജിപി എം.ആര് അജിത്കുമാറിന്റെ മൊഴിയെടുപ്പിൽ ആർഎസ്എസ് കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചില്ലെന്നാണ് സൂചന. അൻവറിന്റെ പരാതിയിൽ ആർഎസ്എസ് കൂടിക്കാഴ്ച പരാമർശിക്കുന്നില്ല. അതേസമയം തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന ആക്ഷേപമുള്പ്പെടെ മൊഴിയെടുപ്പിൽ ചോദിച്ചു.
വീണ്ടും എഡിജിപിയുടെ മൊഴിയെടുക്കുന്പോൾ ആര്എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് ചോദിക്കുമെന്നാണ് സൂചന. അതേ സമയം അൻവർ എംഎൽഎ അജിത്ത് കുമാറിനെതിരെ ഉന്നയിച്ച വരവിൽ കവിഞ്ഞ സ്വത്ത് സന്പാദനം, ആഡംബര വീട് നിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് ഡിജിപി ശുപാർശ ചെയ്തിട്ടുണ്ട്.
ഇന്നലെ വൈകുന്നേരത്തോടെ പി.വി.അൻവർ എംഎൽഎ പോലീസ് ആസ്ഥാനത്തെത്തി ഡിജിപിയെ കണ്ടിരുന്നു. ആർഎസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങൾ എഴുതി നൽകിയതെന്നാണ് സൂചന.പുതുതായി രണ്ടു കാര്യങ്ങൾ അന്വേഷിക്കാനായി ഡിജിപിക്ക് എഴുതി നൽകിയെന്നും ചില തെളിവുകൾ കൈമാറിയെന്നും ഡിജിപിയുമായുള്ള അരമണിക്കൂർ കൂടിക്കാഴ്ചയ്ക്ക് ശേഷം പി.വി.അൻവർ മാധ്യമങ്ങളോട് പറഞ്ഞു.