കോഴിക്കോട്: വിജിലന്‍സ് അന്വേഷണം നേരിടുന്ന ക്രമസമാധന ചുമതലയുള്ള എഡിജിപി എം.ആര്. അജിത്കുമാറിനെതിരേ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഭരണകക്ഷി എംഎൽഎയായ പി.വി. അന്‍വര്‍. അജിത് കുമാര്‍ കൈക്കൂലി പണം ഉപയോഗിച്ച് ഫ്ളാറ്റുകള്‍ വാങ്ങി മറിച്ചുവിറ്റെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും അന്‍വര്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സോളാര്‍ കേസ് അട്ടിമറിച്ചതിനു കിട്ടിയ കൈക്കൂലി പണം ഉപയോഗിച്ചാണു ഫ്ളാറ്റ് വാങ്ങിയതെന്നും അന്‍വര്‍ ആരോപിച്ചു.
തിരുവനന്തപുരം കവടിയാര്‍ വില്ലേജില്‍ 2016 ഫെബ്രുവരിയില്‍ 33.80 ലക്ഷം രൂപയ്ക്ക് സ്വന്തം പേരില്‍ അജിത്കുമാര്‍ ഫ്ളാറ്റ് വാങ്ങിയിരുന്നു. പത്തു ദിവസം കഴിഞ്ഞ് 65 ലക്ഷത്തിന് ഇതു മറിച്ചുവിറ്റു. ഈ ഫ്ളാറ്റ് വാങ്ങാന്‍ എഡിജിപിക്ക് എവിടെനിന്നു പണം കിട്ടി? സോളാര്‍ കേസ് അട്ടിമറിച്ചതിന്റെ പണം ഉപയോഗിച്ചാണ് ഫ്ളാറ്റ് വാങ്ങിയത്. ഇക്കാര്യം പരിശോധിക്കണം. കൃത്യമായി അന്വേഷിച്ചാല്‍ തെളിവുകള്‍ ലഭിക്കും.
33.80 ലക്ഷത്തിന്റെ ഫ്ളാറ്റ് 65 ലക്ഷത്തിനു വിറ്റ് 32 ലക്ഷം രൂപയാണ് വെളുപ്പിച്ചത്. ഇരട്ടി വിലയ്ക്കു വിറ്റതായി രേഖയുണ്ടാക്കിയതുമാകാം. സാധാരണഗതിയില്‍ ഒരു സ്ഥലം വില്പന നടത്തിയാല്‍ അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ പതിനഞ്ചുദിവസമെങ്കിലും എടുക്കും. വില്ലേജ് ഓഫീസില്‍ പോകണം. നികുതി അടയ്ക്കണം. തണ്ടപ്പേര് മാറ്റണം. ഇതിനൊക്കെ രണ്ടാഴ്ചത്തെ സമയം നിര്‍ബന്ധമാണ്. എന്നാല്‍ എഡിജിപി പത്തുദിവസംകൊണ്ട് ഇതെല്ലാം പൂര്‍ത്തിയാക്കി. ഇതെങ്ങനെയെന്നും അന്വേഷിക്കണം.
അധികാര ദുര്‍വിനിയോഗം നടത്തിയും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയുമാണ് ഈ നടപടിക്രമങ്ങള്‍ വഴിവിട്ട് പൂര്‍ത്തിയാക്കിയത്. ഫ്ളാറ്റ് വാങ്ങിയതില്‍ ഗുരുതര നികുതി വെട്ടിപ്പും നടന്നിട്ടുണ്ട്. 4.70 ലക്ഷം രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി അടച്ചത്. നിയമപ്രകാരം 8.14 ലക്ഷം രൂപ അടയ്ക്കണം. അധികാരമുപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തിയത്. ജയില്‍ ശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണിത്. 4.70 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് എഡിജിപി നടത്തിയത്.
മൂന്നു വീടുകളുള്ളയാളാണ് എഡിജിപി. തറവാട് വീട് ഇയാള്‍ക്കുണ്ട്. തിരുവനന്തപുരത്ത് വീടു നിര്‍മിക്കുന്നുണ്ട്. ഇതിനുപുറമേയാണ് ഫ്ളാറ്റ് വാങ്ങിയത്. ഒരു വീടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മറ്റൊരു വീട് വാങ്ങുന്നുണ്ടെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങണം. എന്നാല്‍ എഡിജപി ഇത്തരമൊരു പെര്മിഷന് വാങ്ങിയതായി അറിവില്ല. 2015 മുതലുളള എഡിജപിയുടെ വിദേശയാത്രകളും പരിശോധിക്കണം. അനുമതി കിട്ടിയ രാജ്യങ്ങള്‍ക്കു പുറമേ വേറെ രാജ്യങ്ങളിലേക്കും ഇയാള്‍ പോയിട്ടുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി പൂര്‍ണപരാജയമാണ്. മുഖ്യമന്ത്രിയെ കാണാന്‍ പൊതുജനങ്ങളെ ശശി അനുവദിക്കുന്നില്ല. മുഖ്യമന്ത്രിക്കും പൊതുസമൂഹത്തിനുമിടയില്‍ മതില് തീര്‍ക്കുകയായിരുന്നു ശശി. ശശി സത്യസന്ധമായി ജോലി ചെയ്തിരുന്നുവെങ്കില്‍ സര്‍ക്കാരിന് ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ചീഞ്ഞ കേസായി പോയി.
സര്‍ക്കാരിനു മാനക്കേടുണ്ടായി. സര്‍ക്കാരിനെ ഈ അവസ്ഥയില്‍ എത്തിച്ചത് ശശിയാണ്. ശശിക്ക് വേറെ അജണ്ടയുണ്ടെന്നും അന്‍വര്‍ പറഞ്ഞു. ആഭ്യന്തര വകുപ്പിനെതിരേ ഉയരുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനം നടത്തുന്നതിന് തൊട്ടു മുമ്പായിട്ടായിരുന്നു അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്.