തൃശൂർ: എഡിജിപി അജിത്കുമാറിനെതിരെയുള്ള നടപടിയെ സ്വാഗതം ചെയ്ത് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. സംശയങ്ങൾ ദുരീകരിക്കാൻ നടപടി സഹായിക്കുമെന്ന് സുനിൽകുമാർ പ്രതികരിച്ചു.
ഉയർന്ന തസ്തികയിലുള്ളയാളാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി. ആ ചുമതലയിൽ നിന്ന് താഴെയുള്ള പദവിയിലേക്ക് മാറ്റിയത് ശിക്ഷാ നടപടി തന്നെയാണ്. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുതന്നെയാണ് നടപടിയെടുത്തത്. എന്തുകൊണ്ടാണ് മാറ്റിയതെന്ന് ഉത്തരവിൽ വ്യക്തമാക്കാത്തതിന്റെ കാരണം പറയേണ്ടത് സംസ്ഥാന സർക്കാരാണ്.
അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം ഇന്നലെ രാത്രി മുഖ്യമന്ത്രി ഓഫീസിലെത്തി ആ ഫയൽ ഒപ്പിടണമെങ്കിൽ അത്രയും ഗൗരവമുള്ള രാഷ്ട്രീയ വിഷയം തന്നെയാണത്.ഏതെങ്കിലും ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ വിചാരിച്ചാൽ തൃശൂർ പൂരം കലക്കാൻ കഴിയില്ലെന്നും അതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും സുനിൽകുമാർ തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആ ധാരണ സർക്കാരിനും ഉള്ളത് കൊണ്ടാണ് ത്രിതല അന്വേഷണം സർക്കാർ പ്രഖ്യാപിച്ചത്. അന്വേഷണം പൂർത്തിയാകുന്പോൾ കൂടുതൽ വ്യക്തത വരും. ജനങ്ങൾക്ക് മുന്പാകെ ആർഎസ്എസ് അസത്യം പ്രചരിപ്പിക്കുന്നുണ്ടെങ്കിൽ സത്യം പുറത്തു വരേണ്ടത് ജനങ്ങളുടെ ആവശ്യമാണ്.
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയെ പറ്റി വ്യക്തമായ രാഷ്ട്രീയ അഭിപ്രായമാണ് സിപിഐ പറഞ്ഞത്. ഇടതുപക്ഷ സർക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് യോജിക്കാൻ പറ്റാത്ത നിലപാടാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഏതെങ്കിലും ജനവിഭാഗങ്ങൾക്കിടയിൽ സംശയമുണ്ടെങ്കിൽ അത് ദൂരീകരിക്കാൻ നടപടി സഹായിക്കും.
സിപിഐ സമ്മർദം ഉപയോഗപ്പെടുത്തി എന്ന് പറയേണ്ട കാര്യമില്ല. ഒരു മുന്നണിയാകുന്പോൾ പലതരത്തിലുള്ള ചർച്ചകൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.