തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. അന്വേഷണമുണ്ടാകുമെന്ന് ഇന്നലെ രാവിലെ പൊതുവേദിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചശേഷം മണിക്കൂറുകൾ കഴിഞ്ഞ് ഇന്നു പുലർച്ചെയാണ് ഉത്തരവിറങ്ങിയത്. ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ആരോപണങ്ങൾ അന്വേഷിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം.
മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് അന്വേഷണ സംഘാംഗങ്ങളെ തീരുമാനിച്ചത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ഐജി സ്പർജൻ കുമാർ, തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്, ക്രൈംബ്രാഞ്ച് എസ്പി മധുസൂദനൻ, ഇന്റലിജൻസ് എസ്പി എ. ഷാനവാസ് എന്നിവർ അടങ്ങുന്നതാണ് അന്വേഷണസംഘം.
എഡിജിപിക്കെതിരായ അന്വേഷണത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്. അന്വേഷണ സംഘത്തിലുൾപ്പെട്ട സ്പർജൻ കുമാറും തോംസൺ ജോസും എഡിജിപിക്ക് കീഴിൽ വരുന്നവരാണ്. ഇതിൽ ഡിജിപിക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഡിജിപി മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാതെയാണ് അന്വേഷണം.
എഡിജിപിയെ മാറ്റി നിർത്തിയുള്ള അന്വേഷണം വേണമെന്ന നിലപാടാണ് ഡിജിപിക്ക് ഉണ്ടായിരുന്നത്.ആരോപണത്തിന്റെ പശ്ചാത്തലത്തിൽ തൽസ്ഥാനത്തുനിന്ന് മാറിനിൽക്കാമെന്നും വിശദമായ അന്വേഷണം വേണെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എം.ആർ. അജിത് കുമാർ നേരത്തെ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് ആഭ്യന്തരവകുപ്പിനെയും സർക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കി ഭരണകക്ഷി എംഎൽഎയായ പി.വി. അൻവർ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എഡിജിപി എം.ആർ. അജിത് കുമാറിനുമെതിരേ രൂക്ഷ വിമർശനം അഴിച്ചുവിട്ടത്.
പത്തനംതിട്ട എസ്പി സുജിത് ദാസിന്റെ വിവാദ ശബ്ദരേഖയും പി.വി. അൻവർ പുറത്തുവിട്ടിരുന്നു. ഇതിൽ സുജിത് ദാസിനെ എസ്പി സ്ഥാനത്തുനിന്നു മാറ്റിയെങ്കിലും മറ്റു രണ്ടു പേരെയും തത് സ്ഥാനത്തു നിലനിർത്തിയാണ് അന്വേഷണ പ്രഖ്യാപനം. സിപിഎമ്മിനുള്ളിൽതന്നെ ഇതിൽ അതൃപ്തി പുകയുന്നുണ്ട്.