തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി വിവാദത്തിൽ ആരോപണ വിധേയനായ ബറ്റാലിയൻ എഡിജിപി സുദേഷ്കുമാറിനെ മാറ്റി. പുതിയ നിയമനം നൽകിയിട്ടില്ല. പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി അനന്തകൃഷ്ണനാണ് ബറ്റാലിയന്റെ അധിക ചുമതല. ഇതു സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.
ഡിജിപി ലോക്നാഥ് ബെഹ്റ ആഭ്യന്തര സെക്രട്ടറിക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുദേഷ് കുമാറിന്റെ ഔദ്യോഗിക ഡ്രൈവർ ഗവാസ്കറെ എഡിജിപിയുടെ മകൾ മർദിച്ച സംഭവത്തിൽ മകൾക്കെതിരേ പോലീസ് കേസെടുത്ത പശ്ചാത്തലത്തിലാണ് നടപടി. പ്രഭാതസവാരിക്കു കനകക്കുന്നിൽ എത്തിച്ച സമയത്താണ് എഡിജിപിയുടെ മകൾ രോഷത്തോടെ ഗവാസ്കറുടെ കഴുത്തിൽ മൊബൈൽ ഫോണ് കൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചതായി പരാതിയുള്ളത്.
ഇതേത്തുടർന്ന് ഗവാസ്കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മ്യൂസിയം പോലീസിൽ പരാതി നൽകുകയായിരുന്നു.
കഴുത്തിലെ കശേരുക്കളിൽ സാരമായ പരിക്കേറ്റിട്ടുണ്ടെന്നു വൈദ്യപരിശോധനയിൽ തെളിഞ്ഞു. ഗവാസ്കറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എഡിജിപിയുടെ മകൾക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. അപമര്യാദയായി പെരുമാറിയെന്നു കാട്ടി എഡിജിപിയുടെ മകൾ നൽകിയ പരാതിയിൽ ഗവാസ്കർക്കെതിരെയും പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
ഇതിനിടെ, മറ്റു ചില ഉന്നത ഉദ്യോഗസ്ഥർക്കെതിരേയും കീഴ്ജീവനക്കാരെക്കൊണ്ടു വീട്ടുജോലി ചെയ്യിക്കുന്നതായ ആക്ഷേപം ഉയർന്നിട്ടുണ്ട്. വീട്ടിലേക്കു സാധനങ്ങൾ വാങ്ങാനും പട്ടിയെ കുളിപ്പിക്കാനും തുണിയലക്കാനും തുടങ്ങി നിരവധി ജോലികൾ ചെയ്യാൻ കീഴുദ്യോഗസ്ഥർ നിർബന്ധിതരാകുന്നതായി പോലീസ് അസോസിയേഷനുകൾ തന്നെ ചൂണ്ടിക്കാട്ടുന്നു. ഗവാസ്കറിനു ചികിത്സാ സഹായമായി പോലീസ് വെൽഫെയർ ഫണ്ടിൽനിന്ന് 50,000 രൂപ അനുവദിച്ചു.
അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു
തിരുവനന്തപുരം: പോലീസ് ഡ്രൈവർ ഗവാസ്കറിനെ ബറ്റാലിയൻ എഡിജിപി സുദേഷ്കുമാറിന്റെ മകൾ മർദിച്ച സംഭവത്തേക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പോലീസ് അസോസിയേഷൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ക്രൈംബ്രാഞ്ച് മേധാവിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. മർദനത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന ഗവാസ്കർക്കു ചികിത്സാ സഹായം നൽകും. ഗവാസ്കർ നൽകിയ പരാതിയും ഗവാസ്കർക്കെതിരെ എഡിജിപിയുടെ മകൾ നൽകിയ പരാതിയും ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സെൽ പരിശോധിക്കും.
ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ആർ. പ്രതാപൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ ഉച്ചയോടെ ഗവാസ്കറുടെ മൊഴി രേഖപ്പെടുത്തി. നേരത്തെ നൽകിയ മൊഴിയിൽ ഗവാസ്കർ ഉറച്ചു നിൽക്കുകയായിരുന്നു. ചികിത്സാരേഖകളും അന്വേഷണ സംഘം പരിശോധിച്ചു.