തിരുവനന്തപുരം: അവധി പിന്‍വലിക്കാന്‍ എഡിജിപി എം.ആര്. അജിത് കുമാര്‍ അപേക്ഷ നല്കി. കുടുംബത്തോടൊപ്പം സ്വകാര്യ ആവശ്യത്തിനായി ഈ മാസം 14 മുതൽ നാല് ദിവസത്തേക്കാണ് നേരത്തെ എഡിജിപി അവധിക്ക് അപേക്ഷിച്ചിരുന്നത്. ഇപ്പോൾ അവധി വേണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എഡിജിപി ആഭ്യന്തര വകുപ്പിന് അപേക്ഷ നല്‍കിയത്.
പി.വി. അൻവർ എംഎൽഎ എഡിജിപിക്കെതിരേ ആരോപണങ്ങളുയർത്തിയതിനു പിന്നാലെയാണ് എഡിജിപി അവധി അപേക്ഷ നൽകിയത്. എഡിജിപി അവധിയില്‍ പോകുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണെന്ന് പി.വി അന്‍വര്‍ ആരോപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്തെ പോലീസ് സേനയുടെ തലപ്പത്തുണ്ടായ അഴിച്ചുപണിക്ക് പിന്നാലെയാണ് എഡിജിപി എം.ആര്. അജിത് കുമാര്‍ അവധി അപേക്ഷ പിന്‍വലിച്ചത്.
മലപ്പുറത്ത് പോലീസില്‍ കൂട്ടസ്ഥലംമാറ്റമാണ് കഴിഞ്ഞ ദിവസമുണ്ടായത്. മലപ്പുറം എസ്പി എസ്. ശശിധരനെ സ്ഥലംമാറ്റി. എറണാകുളം റേഞ്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലേക്കാണ് മാറ്റിയിട്ടുള്ളത്. താനൂര്‍ കസ്റ്റഡി മരണത്തിലും വീട്ടമ്മയുടെ പീഡന പരാതിയിലും ഉള്‍പ്പെട്ട താനൂര്‍ ഡിവൈഎസ്പി വി.വി ബെന്നിയെ കോഴിക്കോട് ക്രൈംബ്രാഞ്ചിലേക്ക് മാറ്റി.
മലപ്പുറം സ്പെഷല്‍ ബ്രാഞ്ചിലെ പി. അബ്ദുല്‍ ബഷീറിനെ തൃശൂര്‍ റൂറല്‍ ജില്ല സ്പെഷല്‍ ബ്രാഞ്ചിലേക്ക് മാറ്റി. മലപ്പുറത്തെ എ. പ്രേംജിത്തിനെ തൃശൂര്‍ എസ്എസ്ബിയിലേക്കും പെരിന്തല്‍മണ്ണയിലെ സാജു കെ. എബ്രഹാമിനെ കൊച്ചി സിറ്റി ട്രാഫിക്കിലേക്കും തിരൂരിലെ കെ.എം. ബിജുവിനെ ഗുരുവായൂരിലേക്കും സ്ഥലംമാറ്റി.
കൊണ്ടോട്ടിയിലെ പി. ഷിബുവിനെ തൃശൂര്‍ വിജിലന്‍സിലേക്കും നിലമ്പൂരിലെ പി.കെ. സന്തോഷിനെ പാലക്കാട് ക്രൈംബ്രാഞ്ചിലേക്കും മലപ്പുറം എസ്എസ്ബിയിലെ മൂസ വള്ളോകാടനെ പാലക്കാട്ടേക്കും സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി.