തിരുവനന്തപുരം: ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിന്റെ പേരിൽ അജിത്ത് കുമാറിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ വകുപ്പില്ലെന്ന് നിയമവിദഗ്ധർ. ആർഎസ് എസ് നിരോധിത സംഘടനയല്ലാത്തതിനാൽ അജിത്ത് കുമാറിനെതിരേ സർക്കാരിന് നടപടിയെടുക്കാൻ സാധിക്കില്ല.
ഐപിഎസ് ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെങ്കിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമെ സാധിക്കൂ. അതിന് കേന്ദ്ര സർക്കാരിന്റെ അനുമതി വേണം താനും.അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട കാര്യം അടുത്ത ദിവസങ്ങളിൽ തന്നെ സ്പെഷൽ ബ്രാഞ്ചും ഇന്റലിജൻസും സർക്കാരിനെ അറിയിച്ചിരുന്നു.
ഒരു വർഷം മുൻപേ ഈ വിവരം അറിഞ്ഞിട്ടും സർക്കാർ ഈ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാത്തത് സർക്കാരിന്റെ കൂടി അറിവോടെയായതിനാലാണ് കൂടിക്കാഴ്ചയെന്നാണ് പുറത്ത് വരുന്ന വിവരം.ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടന നടത്തുന്ന പൊതുപരിപാടിയിൽ പ്രസംഗിക്കാൻ പോകുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണം.
എഡിജിപിയുടെ കാര്യത്തിൽ നിയമപരമായി വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് പറയാൻ സാധിക്കില്ലെന്നും എന്നാൽ ധാർമികതയുടെ വിഷയമുണ്ടെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഔദ്യോഗിക വാഹനത്തിൽ പോയി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താമെന്നിരിക്കെ ഔദ്യോഗിക വാഹനം ഒഴിവാക്കി അതീവ രഹസ്യമായി കൂടിക്കാഴ്ച നടത്തിയത് ധാർമികമായി ശരിയല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഭരണകക്ഷി എംഎൽഎ പി.വി. അൻവറിന്റെ ആരോപണത്തിൽ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അൻവർ ഉന്നയിച്ച വിഷയങ്ങൾ മാത്രമാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എഡിജിപി ആർഎസ്എസ് നേതാക്കളായ ദത്താത്രായെ ഹൊസബാള, റാം മാധവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ സംഭവം കൂടി അന്വേഷിക്കാനുള്ള സാധ്യതയുണ്ട്.
സർവീസ് ചട്ടലംഘനം ഉണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് ഭരണകക്ഷി നേതാക്കൾ പറയുന്നുണ്ട്. അതേ സമയം അജിത്ത് കുമാറിനെതിരെ നടപടിയെടുത്താൽ പ്രതിപക്ഷം ആരോപിച്ചത് എല്ലാം സത്യമാണെന്ന് അംഗീകരിച്ച് കൊടുക്കേണ്ടി വരുന്ന സ്ഥിതിയും വരും. നിലവിലെ സാഹചര്യത്തിൽ എഡിജിപി. അജിത്ത് കുമാറിനോട് നീണ്ട അവധിയെടുക്കാൻ സർക്കാർ തന്നെ നിർദേശം നൽകാനുള്ള സാധ്യതയും കാണുകയാണ്.
സംസ്ഥാന പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി തന്നെ എഡിജിപിയ്ക്കെതിരെയുള്ള നടപടി തീരുമാനിക്കട്ടെയെന്നാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.