ഗവാസ്‌കറിനെ കുടുക്കാന്‍ പല തന്ത്രങ്ങളും മെനഞ്ഞു ! മകളെ പീഡിപ്പിച്ചെന്ന ആരോപണം പൊളിഞ്ഞപ്പോള്‍ പോലീസുകാരിയെ കൊണ്ട് പണി കൊടുക്കാന്‍ നോക്കി; സുദേഷ് കുമാറിന്റെ കുതന്ത്രങ്ങള്‍ ഇങ്ങനെ…

എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനത്തിനിരയായ ഡ്രൈവര്‍ ഗവാസ്‌കറിനെ കുടുക്കാനുള്ള ശ്രമം തുടരുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തി. മകളെ പീഡിപ്പിച്ചുവെന്നായിരുന്നു ഗവാസ്‌കറിനെതിരേ ഉയര്‍ത്തിയ ആദ്യ ആരോപണം. അതു പൊളിഞ്ഞപ്പോള്‍ വണ്ടിയിടിച്ചു കൊല്ലാന്‍ നോക്കിയെന്നായി. ഇതും ഏശാതെ വന്നപ്പോള്‍ പീഡനക്കഥയുമായി പോലീസുകാരിയെ രംഗത്തിറക്കി. ഈ നാടകവും പൊളിഞ്ഞതോടെ കാറോടിച്ചത് ഗവാസ്‌കറല്ലെന്ന് തെളിയിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ക്രൈംബ്രാഞ്ച് സംഘം രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ സംഭവദിവസം സുദേഷിന്റെ മകളും ഭാര്യയും സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നതു പൊലീസുകാരനായ ജെയ്സണാണ് എന്ന് വ്യക്തമായി. സംശയം തോന്നിയ അന്വേഷണസംഘം ജെയ്സണെ വിളിച്ചുവരുത്തി. സംഭവം നടക്കുമ്പോള്‍ താന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ലെന്നു ജെയ്സണ്‍ മൊഴി നല്‍കി. ഗവാസ്‌കറിനെ പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം അവിടെ പോയാണു വാഹനം എടുത്തത്. ഈ വാഹനവുമായി ഇന്നലെ കനകക്കുന്നിനു മുന്നില്‍ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്തി. ഇതോടെ കള്ളം പൊളിഞ്ഞു. ഇത്തരത്തിലൊരു ഉദ്യോഗസ്ഥനെ എങ്ങനെയാണ് പൊലീസായി ഇപ്പോഴും വച്ചിരിക്കുന്നതെന്നതാണ് ഉയരുന്ന ചോദ്യം.

അതിനിടെ ഗവാസ്‌കറെ എ.ഡി.ജി.പി. സുദേഷ്‌കുമാറിന്റെ മകള്‍ മര്‍ദിച്ച കേസ് എങ്ങനെയും ഒതുക്കിത്തീര്‍ക്കാന്‍ അണിയറനീക്കം ശക്തമായി. എ.ഡി.ജി.പിയുടെ മകളെക്കൊണ്ടു മാപ്പു പറയിച്ച് ക്രിമിനല്‍ കേസില്‍നിന്നു തലയൂരാനുള്ള രഹസ്യ ഫോര്‍മുല ഉന്നതോദ്യോഗസ്ഥതലത്തില്‍ തയാറായെന്നു സൂചനയുണ്ട്. കേസില്‍ ശക്തമായി നടപടിയെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കിലും ഇടഞ്ഞു നില്‍ക്കുന്ന ഐപിഎസ് ലോബി തലവേദനയാവുകയാണ്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന ഐ.പി.എസ്. പുത്രിയുടെ ഭാവിയിലാണ് ഐ.പി.എസ്. ലോബിയുടെ ആശങ്ക. സുധേഷ്‌കുമാറിന്റെ മകളെ താന്‍ അപമാനിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. എ.ഡി.ജി.പിയുടെ മകളെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ 14-നു കാര്‍ യാത്രയ്ക്കിടെ ഗവാസ്‌കര്‍ ചീത്തവിളിച്ചെന്നും കൈയില്‍ കയറിപ്പിടിച്ചെന്നുമാണു പരാതി. ഇതുസംബന്ധിച്ചു തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാണു ഗവാസ്‌കറുടെ ഹര്‍ജി.

Related posts