ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിക്കുകയും ശിക്ഷ ഇന്ന് വരാനിരിക്കുയും ചെയ്യുന്ന അവസരത്തില്‍ ഗുര്‍മീതിനെതിരെയുള്ള ആരോപണങ്ങള്‍ മുറുകുന്നു. ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിവാദ ആള്‍ദൈവം ഗുര്‍മീത് സിംഗിനെ റോത്തകിലെ ജയിലിലേക്ക് കൊണ്ടുവന്നത് AW-139 ഹെലികോപ്റ്ററിലായിരുന്നു. ഗുര്‍മീതിന്റെ കോപ്റ്റര്‍ യാത്ര ഉടന്‍ തന്നെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയുമായി. ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനായി കണ്ടെത്തിയ പ്രതിക്ക് സംസ്ഥാന സര്‍ക്കാര്‍ വിവിഐപി സൗകര്യങ്ങള്‍ ഒരുക്കിയതിനെതിരെയായിരുന്നു രൂക്ഷ വിമര്‍ശം ഉയര്‍ന്നത്. കോടതി വിധിക്ക് പിന്നാലെ ഗുര്‍മീതിന്റെ അനുയായികള്‍ അഴിച്ചുവിട്ട അക്രമങ്ങളില്‍ 36 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കോടതി കുറ്റക്കാരനായി കണ്ടെത്തിയിട്ടും ഗുര്‍മീതിനുണ്ടായിരുന്ന ഇസഡ് കാറ്റഗറി സുരക്ഷ പിന്‍വലിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഗുര്‍മീതിനെ ഹെലികോപ്റ്ററില്‍ ജയിലില്‍ എത്തിച്ചത് വലിയ ചര്‍ച്ചയാക്കേണ്ട കാര്യമൊന്നുമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.
എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം നവമാധ്യമങ്ങളിലെ ചര്‍ച്ചയുടെ മാനം മാറി. വ്യവസായ പ്രമുഖന്‍ ഗൗതം അദാനിയുടെ ഹെലികോപ്റ്ററാണിതെന്നും ഇതേ കോപ്റ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യാത്ര ചെയ്തിട്ടുണ്ടെന്നും ചിത്രം സഹിതം ട്വീറ്റുകള്‍ വന്നു. മോദിയും AW139 ഹെലികോപ്റ്ററിലിരിക്കുന്ന ചിത്രങ്ങളാണ് ട്വിറ്ററില്‍ ഗുര്‍മീതിന്റെ വാര്‍ത്തക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ ചിത്രം ഫോട്ടോഷോപ്പില്‍ സൃഷ്ടിച്ചെടുത്തതാണെന്നാണ് സംഘപരിവാറിന്റെ വാദം. എന്നാല്‍ 2014 ല്‍ ലോക് സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ ഗുഡ്ഗാവ് സന്ദര്‍ശിക്കുന്ന വേളയില്‍ മോദി എത്തിയത് ഇതേ ഹെലികോപ്റ്ററിലാണെന്ന് ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിവിഐപികളുടെ ആകാശയാത്രക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് AW139 ഹെലികോപ്റ്റര്‍. മണിക്കൂറിന് 2.5 ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെയാണ് ഇതിന്റെ വാടക. അദാനിയുമായി മോദിക്കും ഗുര്‍മീതിനും അടുത്ത ബന്ധമാണുള്ളത്. കൂടാതെ ഒരു മാസത്തിനിടെ മൂന്നു ബിജെപി മന്ത്രിമാര്‍ ചേര്‍ന്ന് ഗുര്‍മീതിന് ഒരു കോടിയിലേറെ രൂപ സമ്മാനമായി നല്‍കിയ വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇതെല്ലാം കൂടിയായപ്പോള്‍ ഗുര്‍മീതിനൊപ്പം മോദിയും ജനങ്ങളുടെ അധിക്ഷേപങ്ങള്‍ക്ക് വിധേയനായികൊണ്ടിരിക്കുകയാണ്.