ന്യൂഡല്‍ഹി: രാജ്യത്ത് കറന്‍സിരഹിത പണമിടപാടുകള്‍ അവസാനിപ്പിച്ച് ഡിജിറ്റല്‍ ഉപയോഗം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതിനായി 12 അക്ക ആധാര്‍ നമ്പര്‍ മാത്രം മതി. പണമിടപാടുകള്‍ക്ക് ആധാര്‍ മാത്രം മതിയെന്ന നിലപാടിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. വൈകാതെ ഇതു പ്രാബല്യത്തില്‍ വന്നേക്കും.
ആധാര്‍ അധിഷ്ഠിതമായ ഇടപാടുകള്‍ക്ക് കാര്‍ഡോ പിന് നമ്പരോ ആവശ്യമില്ല. ആന്‍ഡ്രോയിഡ് ഫോണ്‍ ഉള്ളവര്‍ക്ക് ഡിജിറ്റല്‍ ഇടപാടു നടത്താം. ഇതിന് ആധാര്‍ നമ്പറും വിരലടയാളവും മതിയെന്ന് യുഐഡിഎഐ ഡയറക്ടര്‍ ജനറല്‍ ഏജയ് പാണ്ഡെ പറഞ്ഞു.
പദ്ധതി ആവിഷ്കരിക്കാനായി മൊബൈല്‍ നിര്‍മാതാക്കള്‍, കച്ചവടക്കാര്‍, ബാങ്ക് അധികൃതര്‍ എന്നിവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. കൂടാതെ പദ്ധതി നടത്തിപ്പിനായി വിവിധ മേഖലകളില്‍നിന്ന് നിര്‍ദേശങ്ങളും സര്‍ക്കാര്‍ ആരായുന്നുണ്ട്.
ആധാറുമായി ബന്ധിപ്പിച്ച പണമിടപാടുകള്‍ക്ക് ഫോണുകളില്‍ ഇന്‍ബില്‍റ്റായി കൃഷ്ണമണി/വിരലടയാളം സ്കാനിംഗ് സംവിധാനം ചേര്‍ക്കാനാണ് മൊബൈല്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തിയത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഇതു നിര്‍ബന്ധമാണെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.
നവംബര്‍ എട്ടിലെ കറന്‍സി റദ്ദാക്കല്‍ പ്രഖ്യാപനത്തിനുശേഷം ഈ മാസം 30 വരെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് അധികചാര്‍ജ് ഈടാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എങ്കിലും കച്ചവടക്കാര്‍ രണ്ടു ശതമാനം അധിക ചാര്‍ജ് ഈടാക്കുന്നുണ്ടെന്നാണു വിവരം. ഈ മാസം അവസാനത്തോടെ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.