തിരുവനന്തപുരം: ഇനി മുതൽ അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കുന്നതിന് സാധിക്കും. പൂജ്യം മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല.
പക്ഷേ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്സ് നിർബന്ധമായും പുതുക്കണം.
അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ ഏഴു വയസിനുള്ളിലും, 15 വയസിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ 17 വയസിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളൂ. അല്ലാത്തപക്ഷം നൂറ് രൂപ നിരക്ക് ഈടാക്കും.
ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും വിളിക്കേണ്ട നമ്പർ : സിറ്റിസൺ കാൾ സെൻറർ: 1800-4251-1800 / 0471- 2335523. കേരള സംസ്ഥാന ഐ.ടി മിഷൻ (ആധാർ സെക്ഷൻ): 0471-2525442. സംശയങ്ങൾക്ക് : [email protected] എന്ന മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയും ചെയ്യാം.