കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ, ബയോമെഡ്രിക് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആധാര്‍ നമ്പര്‍ മാത്രം കിട്ടിയാല്‍ ആര്‍ക്കും വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്നുള്ള ആധാര്‍ നടത്തിപ്പുകാരായ യുണിക്ക് ഐഡന്റിഫിക്ഷേന്‍ അഥോറിറ്റി ഓഫ് ഇന്ത്യയുടെ അവകാശവാദം നിലനില്‍ക്കേയാണ് സുരക്ഷാ വീഴ്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
എന്നാല്‍, ഇതെല്ലാം വെറും പൊള്ളവാദങ്ങള്‍ മാത്രമാണെന്നാണ് ഹഫിങ്ടണ്‍പോസ്റ്റിന്റെ ഇന്ത്യന്‍ പതിപ്പ് നടത്തിയ മൂന്നു മാസക്കാലത്തെ അന്വേഷണത്തില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. വെറും 2500 രൂപ മുടക്കി സോഫ്റ്റ്വെയര്‍ പാച്ച് വാങ്ങിയാല്‍ ആധാര്‍ സോഫ്റ്റുവെയറിലേയ്ക്ക് നുഴഞ്ഞുകയറി ഇന്ത്യയിലെ മുഴുവന്‍ ആളുകളുടെയും വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താന്‍ കഴിയും. ഇന്ത്യയിലെയും വിദേശത്തെയും ഉള്‍പ്പെടെ വിദഗ്ധരെ ഉദ്ധരിച്ചാണ് ആധാര്‍ സോഫ്റ്റുവെയറുകള്‍ സുരക്ഷിതമല്ലെന്ന് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, യുഐഡിഐഎ അധികൃതര്‍ ഇപ്പോഴും അവകാശപ്പെടുന്നത് ആധാര്‍ വിവരങ്ങള്‍ക്ക് സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലെന്നാണ്. കഴിഞ്ഞ ഇടയ്ക്ക് യുഐഡിഐഎ ചെയര്‍മാന്‍ തന്റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി ഹാക്കര്‍മാരെ വെല്ലുവിളിച്ചിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്ത എലിയറ്റ് ആന്‍ഡേഴ്സണ്‍ എന്ന എത്തിക്കല്‍ ഹാക്കര്‍ അദ്ദേഹത്തിന്റെ ജിമെയില്‍ ഐഡിയുടെ പാസ്വേഡ് വരെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ആധാര്‍ സുരക്ഷിതമാണെന്ന് ആയിരുന്നു ഇതിനു ശേഷവും യുഐഡിഎ ചെയര്‍മാന്‍ പറഞ്ഞിരുന്നത്.