ആദിച്ചനല്ലൂർ: ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന കുട്ടികളെ കണ്ടെത്തി സൗകര്യം ഒരുക്കി ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത്. വീട്ടിലും പൊതുസ്ഥലങ്ങളിലും സ്കൂളുകളിലും ആവശ്യത്തിനുള്ള സൗകര്യങ്ങൾ ഗ്രാമ പഞ്ചായത്തിന്റേയും സഹകരണ ബാങ്കിന്റേയും വ്യക്തികളുടെയും സഹായത്തോടെയാണ് ടിവി വാങ്ങി നൽകിയത്.
ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സ്കൂളിലെയും കുട്ടികളെ വ്യക്തിപരമായി സർവേ നടത്തി ഓരോ കുട്ടിക്കും ഉള്ള സൗകര്യങ്ങളെ അധ്യാപകരുടെയും പ്രഥമാധ്യാപകരുടേയും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടേയും സന്നദ്ധ പ്രവർത്തകരുടേയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും സൗകര്യമുണ്ടെന്ന് ഉറപ്പു വരുത്തി.
സൗകര്യമില്ലാത്ത കുട്ടികളെ വാർഡ് അടിസ്ഥാനത്തിൽ തരം തിരിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം.സുഭാഷിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കൂടുകയും ഓരോ വാർഡു തലത്തിലും സൗകര്യങ്ങൾ വിലയിരുത്തി ആവശ്യമായ സ്ഥലങ്ങളിൽ ടിവി വാങ്ങി നൽകുകയായിരുന്നു.
ഇതിന് വിവിധ ഏജൻസികളുടേയും ബാങ്കുകളുടേയും സഹകരണം പഞ്ചായത്ത് ഉറപ്പാക്കി. കൈരളി ഗ്രന്ഥശാല വടക്കേ മൈലക്കാട്, പ്രതിഭാ ലൈബ്രറി കൊട്ടിയം , പ്രതിഭാ ലൈബ്രറി വെളിച്ചിക്കാല, പ്ലാക്കാട് പബ്ലിക് ലൈബ്രറി തുടങ്ങി വ്യത്യസ്ത പൊതുസ്ഥലങ്ങളിലും സ്കൂളുകളിലും ടിവി വാങ്ങി നൽകി.
അതിനോടൊപ്പം ചാത്തന്നൂർ ബിആർസി വഴി നൽകിയ ടിവി ആദിച്ചനല്ലൂർ സിആർസിപ്രവർത്തിക്കുന്ന മൈലക്കാട് എൽപിഎസിന് വിതരണം ചെയ്തു. മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസ് കാണുന്നതിനുള്ള ദിനംപ്രതിയുള്ള വിലയിരുത്തൽ നടത്തുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
മൈലക്കാട് യുപിഎസിൽ നടന്ന ചടങ്ങിൽ എം.സുഭാഷ് മൈലക്കാട് എൽപിഎസ് ഹെഡ് മിസ്ട്രസ് രജിതാ വിശ്വംഭരന് ടിവി നൽകി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ. അജയകുമാർ, റംലാ ബഷീർ, സരസ മണി, സുലോചന, മധുസൂദനൻ, സെക്രട്ടറി ബിജു . സി. നായർ, യുപി സ്കൂൾ പ്രഥമാധ്യാപകൻ ജി.എസ് ആദർശ് എന്നിവർ പങ്കെടുത്തു.