ആദിൽകുമാറെന്ന ഏഴാം ക്ലാസുകാരനെത്തേടി സംവിധായകൻ മേജർ രവി വീട്ടിലെത്തി. ഈ വർഷത്തെ സൗത്ത് ഇന്ത്യൻ ഷോർട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫെസ്റ്റിവലിൽ ആദിലിന്റെ കോവിഡും ഞാനും എന്ന ഹൃസ്വചിത്രത്തിന് എക്സലൻസ് പുരസ്കാരം ലഭിച്ചിരുന്നു.
ഇതിൽ നേരിട്ട് അഭിനന്ദിക്കാനാണ് മേജർ രവി വീട്ടിലെത്തിയത്. ആൻഡ്രോയ്ഡ് ഫോൺ സമ്മാനമായി നൽകിയാണ് മേജർ രവി മടങ്ങിയത്. ഹൃസ്വചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നതും ആദിലാണ്.
ലോക്ക്ഡൗൺ സമയത്ത് യൂട്യൂബിൽ നോക്കിയാണ് എഡിറ്റിംഗ് പഠിച്ചത്. കൊറോണക്കാലത്തെ കുട്ടികളുടെ നഷ്ടങ്ങൾ പറയുന്ന ആത്മനൊമ്പരങ്ങൾ, 2G ഗ്രാൻഡ്ഫാ തുടങ്ങിയ ഹൃസ്വ ചിത്രങ്ങളും ആദിലിന്റേതാണ്.
സഹോദരിയുടെ ജന്മദിനത്തിന് സമ്മാനമായി ഒരു ട്രോൾ വീഡിയോ നിർമിച്ചുകൊണ്ടായിരുന്നു ആദിലിന്റെ തുടക്കം. എഡിറ്റിംഗ് മനോഹരമായി ചെയ്യുന്നത് കണ്ട ആദിലിനെ ഇപ്പോൾ വേൾഡ് ഡ്രാമാറ്റിക് സ്റ്റഡിസെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിട്യൂട്ടിൽഎഡിറ്റിംഗ് പഠിക്കാനായി ചേർത്തിരിക്കുകയാണ്.
ഡിസംബറിൽ പുതിയ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ആദിൽ. കാവാലം രാജീവം വീട്ടിൽ മനോജ്- ശ്രീല ദമ്പതികളുടെ ഇളയ മകനാണ് ആദിൽ. കാവാലം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ വിദ്യാർഥിയാണ്.