സ്വന്തം ലേഖകന്‍
കോഴിക്കോട്: ഒരു കാലത്ത് കോഴിക്കോടിന്റെ പ്രൗഡിയായി നില കൊണ്ടിരുന്ന മാനാഞ്ചിറയിലെ കോമണ്‍വെല്‍ത്ത് നെയ്ത്ത് ഫാക്ടറി കെട്ടിടം ഇപ്പോള്‍ മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും താവളം.
കെട്ടിടം ശരിക്കും സാമൂഹികവിരുദ്ധരുടെ അധോലോകമായി മാറിയിരിക്കുകയാണ്. നേരം ഇരുട്ടിയാല്‍ കെട്ടിടത്തിന്റെ പിറക് വശത്തുകൂടി നടന്നുപോകാന്‍ പോലും പലര്‍ക്കും പേടിയാണ്.
കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്തുള്ള നെയ്ത് ശാല പ്രവര്‍ത്തിച്ച കെട്ടിടം ഏതാണ്ട് പൂര്‍ണമായി നശിച്ച് കഴിഞ്ഞു. മരത്തിന്റെ കൂറ്റന്‍ ഭീമുകള്‍ ഉപയോഗിച്ചായിരുന്നു നെയ്ത്ത് ശാലയുടെ ഷെഡുകള്‍ നിര്‍മിച്ചിരുന്നത്.
അതില്‍ ബഹുഭൂരിഭാഗം മരങ്ങളും മോഷ്ടാക്കള്‍ കടത്തി കൊണ്ടുപോയി.ബാക്കിയുള്ളത് മഴ കൊണ്ട് നശിക്കുകയാണ്.
മോഷ്ടാക്കളുടെ നിരന്തരമായ ശല്യത്തിന് എതിരെ നിരവധി തവണ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും പരിഹാരം അകലെയാണെന്നാണ് കോംട്രസ്റ്റ് സമരസമിതി ജനറല്‍ കണ്‍വീനര്‍ ഇ.സി.സതീശന് പറയാനുള്ളത്.
മോഷ്ടാക്കളെ ഇവിടെ നിന്നും തുരത്തുന്നതിന് വേണ്ടി ജീവന് വരെ പണയംവച്ച് അവരോട് ഏറ്റുമുട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2009 ഫെബ്രവരി മാസം പൂട്ടിയിട്ടതാണ് ഈ കമ്പനി. പൂട്ടിയത് മുതല്‍ സമര സമിതി സമരത്തിലാണ്.
13 വര്‍ഷമായി സമരം ചെയ്യ്തിന്റെ ഫലമായി സര്‍ക്കാറിനെ കൊണ്ട് കോംട്രസ്റ്റ് ഭൂമി ഏറ്റെടുപ്പിക്കാന്‍ സാധിച്ചതും പ്രസ്തുത ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പിട്ടതും സമരസമിതിയുടെ പോരാട്ടം കൊണ്ട് മാത്രമാണ്.
ഏറ്റെടുത്തെങ്കിലും സര്ക്കാര്പിന്നീട് ഇതിന് വേണ്ടി യാതൊന്നും ചെയ്യ്തില്ല.അതിനാലാണ് കെട്ടിടവും ഭൂമിയും ഇന്നത്തെ നിലയില്‍ ജീര്‍ണാവസ്ഥയിലായത്.
ഇത് വരെ പിന്നാമ്പുറത്തുള്ള കെട്ടിട ഭാഗങ്ങളാണ് നശിച്ചതെങ്കില്‍ താമസിയാതെ തന്നെ മുന്‍ഭാഗവും ഇടിഞ്ഞ് പൊളിഞ്ഞ് വീഴുന്ന അവസ്ഥയാണ്. ഈ മഴക്കാലത്തുതന്നെ അതുണ്ടാകുമെന്ന ഭീതിയാണുള്ളത്.