സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ നിരവധി താരങ്ങൾ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഭാഷ വ്യത്യാസമില്ലാതെ എല്ലാ ഇൻഡസ്ട്രികളിലും കാലാകാലങ്ങളായി നിലനിൽക്കുന്നതാണ് ഇത്. പുതിയ താരങ്ങളെയാണ് ഇത്തരക്കാർ കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്. മീടൂ മൂവ്മെന്റിന് പിന്നാലെയാണ് പലരും തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറയാൻ തുടങ്ങിയത്.
ഇപ്പോഴിതാ, തനിക്കുണ്ടായ ഒരു അനുഭവം പങ്കുവച്ചെത്തിയിരിക്കുകയാണ് നടിയും സൂപ്പർ മോഡലുമായ അദിതി ഗോവിത്രികർ. അടുത്തിടെ ഒരു അഭിമുഖത്തിലാണ് അദിതി തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയത്. ഞാൻ ഒരു വലിയ സിനിമയുടെ ചിത്രീകരണത്തിനായി ഒരിക്കൽ ദക്ഷിണാഫ്രിക്കയിലേക്ക് പോയിരുന്നു. ആ സമയത്ത് ഒരു മനുഷ്യന്റെ പെരുമാറ്റം എനിക്കുവളരെ വിചിത്രമായി തോന്നി. എന്നാൽ ആ വ്യക്തിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് ശരിക്കും മനസിലായില്ല. അയാൾ എന്നോട് എന്തോ ചോദിച്ചു. അയാളോട് സംസാരിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി.
ഞാൻ ചിരിച്ചുകൊണ്ട് മൈൻഡ് ചെയ്യാതെ നടന്നുനീങ്ങി. നിങ്ങൾ മണ്ടനാണോ എന്നും ചോദിച്ചു. അത് അയാളുടെ ഈഗോയെ ഹർട്ട് ചെയ്തു. തൊട്ടടുത്ത നിമിഷംതന്നെ എന്നോട് ഷൂട്ടിംഗ് മതിയാക്കി പാക്ക് ചെയ്ത് മുംബൈയിലേക്ക് പൊക്കോളാൻ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല.
കാരണം, അയാൾ അങ്ങനെയുള്ള ആളാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല. മുംബൈയിൽ വന്നശേഷം അയാൾ എന്നെ മീറ്റിംഗിന് വിളിച്ചു. ഷൂട്ടിംഗ് തീരാൻ മൂന്ന് നാല് ദിവസം മാത്രമേയുള്ളൂ. അന്ന് തനിക്ക് വേണ്ടത് എന്താണെന്ന് അയാൾ നേരിട്ട് പറഞ്ഞു. കിടക്ക പങ്കിടണമെന്ന അയാളുടെ ആവശ്യം കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. നേരത്തെ പറഞ്ഞതിന്റെ അർഥമൊക്കെ എനിക്ക് അന്ന് മനസിലായി. നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിൽക്കാൻ എനിക്ക് കഴിയില്ല, അത്തരത്തിൽ സഹകരിക്കാൻ പറ്റില്ലെന്നും ഞാൻ പറഞ്ഞു. അയാൾ എന്നെ ആ സിനിമയിൽനിന്ന് തന്നെ ഒഴിവാക്കി-അദിതി പറഞ്ഞു.
എംബിബിഎസ് പൂർത്തിയാക്കി ഡോക്ടറായ ശേഷം അത് വേണ്ടെന്ന് വച്ച് മോഡലിംഗിലേക്കും സിനിമയിലേക്കും എത്തിയ താരമാണ് ഗോവിത്രികർ. 1999ൽ പവൻ കല്യാൺ നായകനായ തുമ്മുടു എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു അദിതിയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് 2001ൽ മിസ് വേൾഡ് പട്ടം നേടിയ ശേഷമാണ് നടി ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്. സഞ്ജയ് കപൂർ നായകനായ സോച് ആയിരുന്നു ആദ്യ ചിത്രം. പിന്നീട് നിരവധി അവസരങ്ങളാണ് അദിതിയെ തേടിയെത്തിയത്. ഇതിനിടെ ധാരാളം പരസ്യ ചിത്രങ്ങളിലും അദിതി അഭിനയിച്ചു. അവതാരകയായും താരം തിളങ്ങി.