ഋതം എന്ന മലയാള സിനിമയിലൂടെ മലയാള സിനിമയില്‍ പുത്തന്‍ താരോദയം കൂടി, ആദിത്യജ്യോതി. ചെറുപ്പകാലം തൊട്ടേ മാതാപിതാക്കള്‍ക്കൊപ്പം കുറെയേറെ സിനിമകൾ കണ്ടു. ഓരോ സിനിമകള്‍ കണ്ടു കഴിയുമ്പോഴും ആദിത്യയുടെ അഭിനയമോഹം കൂടിക്കൊണ്ടേയിരുന്നു. സിനിമയുടെ മായിക ലോകത്ത് എത്തിച്ചേരണം, വെള്ളിത്തിരയില്‍ നിറഞ്ഞാടണം, എല്ലാവരും അറിയപ്പെടുന്ന ഒരു നടനാകണം ഇങ്ങനെ നിരവധി ആഗ്രഹങ്ങളായിരുന്നു ചെറുപ്പകാലം മുതല്‍ മനസു നിറയെ.
ഒരു നല്ല കഥാപാത്രം കിട്ടിയാല്‍ മാത്രമേ സിനിമയില്‍ അരങ്ങേറ്റം നടത്തൂ എന്ന ചിന്ത മനസ് ഉറച്ച കാലം മുതലേ ഉണ്ടായിരുന്നതിനാല്‍ ചെറുതും വലുതുമായ പല വേഷങ്ങളും പലപ്പോഴായി വേണ്ടെന്നുവച്ചു. കാലം എനിക്ക് വേണ്ടി കാത്തുവെച്ച വേഷത്തിലൂടെ ആയിരുന്നു തുടക്കം, അതു ലാല്‍ജി ജോര്‍ജിന്റെ ഋതം സിനിമയിലൂടെ…
സിനിമയില്‍ വളരെ പ്രാധാന്യമുള്ള വേഷം. കുറ്റം ചെയ്യാതെ കുറ്റവാളിയായി സ്വന്തം കുടുംബത്തില്‍പ്പോലും പരിഹസിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്റെ വേഷം. ആദ്യ സിനിമയിലൂടെ മലയാളസിനിമയില്‍ ശ്രദ്ധേയനായ ആദിത്യ ജ്യോതി രാഷ്ട്രദീപികയോട്…
ആദ്യ സിനിമ
അഭിനയം ജീവിതാഭിലാഷമായി കൊണ്ടുനടക്കുന്ന ഒരാളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാകുമല്ലോ ആദ്യ സിനിമ. സ്വാഭാവികമായും ആദ്യമായി ലഭിച്ച കഥാപാത്രം എങ്ങനെ അഭിനയിക്കണമെന്നുള്ള ആശങ്ക സ്വഭാവികമായും ഉണ്ടാകുമല്ലോ. കൂടെ അഭിനയിക്കുന്നവര്‍ എല്ലാം നല്ല സപ്പോര്‍ട്ട് എന്ന് കണ്ടപ്പോള്‍ എല്ലാ ആശങ്കയും മാറി.
കിട്ടുന്ന കഥാപാത്രത്തിനോട് നീതി പുലര്‍ത്തി അഭിനയിച്ചു ജീവിക്കണമെന്ന സംവിധായകന് ലാല്‍ജി സാറിന്റെ നിര്‍ദേശത്തിന് ഊന്നല്‍ കൊടുത്ത് അഭിനയിക്കാന്‍ സാധിച്ചു. സിനിമാ മേഖലയില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള അഭിനേതാക്കളാണ് കൂടെയുള്ളത്. അങ്ങനെയുള്ള ഒരുവിധ മേല്‍ക്കോയ്മയും കാണിക്കാതെ ഡോ. ഷാജു, സോണിയ മല്‍ഹാര്‍ എന്നിവരുടെ പിന്തുണ മറക്കാന്‍ കഴിയില്ല.
അവരുടെ ഉപദേശങ്ങളും അഭിപ്രായങ്ങളും സ്നേഹവും ഒക്കെ കൊണ്ട് ഞങ്ങള്‍ ഒരു കുടുംബത്തില്‍ എന്നപോലെ ആ സിനിമയില്‍ ജീവിക്കുകയായിരുന്നു. സംവിധായകന്റെ പിന്തുണ മലയാളത്തിലെ പരിചയസമ്പന്നനായ സംവിധായകനാണ് ലാല്‍ജി ജോര്‍ജ്. എന്റെ ആദ്യ സിനിമ തന്നെ അദ്ദേഹത്തിന്റെ സിനിമയിലൂടെ എന്നത് വലിയ കാര്യം തന്നെയാണ്. ഏത് അഭിനേതാവിനും വേണ്ട പൂർണപിന്തുണ കൊടുക്കുന്ന അദ്ദേഹം എനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം തന്നെയാണ് തന്നത്.
പുതുമുഖം എന്ന എന്റെ ആശങ്കകളെല്ലാം അകറ്റാനുള്ള കരുതലും അദ്ദേഹം തന്നുകൊണ്ടിരുന്നു. സംവിധായകന്റെ മനസില്‍ ഏതു രീതിയിലാണോ ഒരു കഥാപാത്രം വിടര്‍ന്നു വരുന്നത് എന്നത് എനിക്ക് നിര്‍ദേശിക്കുകയും അതനുസരിച്ച് അഭിനയിക്കാനുള്ള സാവകാശം തരികയും ചെയ്തു. സിനിമയിലെ കഥാപാത്രങ്ങള്‍ സംവിധായകന്റെ വിഷനാണ്.
ആദ്യസിനിമയിലെ സഹതാരങ്ങള്‍
എന്റെ ആദ്യ സിനിമയിലെ സഹതാരങ്ങളായ ഡോ. ഷാജു, സോണിയ മല്‍ഹാര്‍ എന്നിവരുടെ പിന്തുണ വളരെ വലുതായുരുന്നു. ഡോ. ഷാജു ഈ സിനിമയില്‍ അഭിനയിക്കുകയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അതുപോലെ സോണിയ മല്‍ഹാറും. അപ്പോള്‍ എന്റെ കഥാപത്രമായി എനിക്കും ജീവിക്കണമെന്ന് ആഗ്രഹമുണ്ടായി. തീര്‍ച്ചയായും സഹതാരങ്ങള്‍ അഭിനയകലയിലൂടെ കഥാപാത്രത്തെ എങ്ങനെ അവരുടെ കഥാപാത്രങ്ങളും എങ്ങനെ ആവാഹിക്കുന്നു എന്ന കാര്യം ഈ സിനിമയിലൂടെ എനിക്കു കണ്ടുപിടിക്കാന്‍ കഴിഞ്ഞു. അവരുടെ കഥാപാത്രങ്ങളുടെ മകന് റഷീദ് എന്ന കഥാപാത്രമായാണ് ഞാന്‍ അഭിനയിച്ചത്. കൂടുതലും കോമ്പിനേഷന്‍ സീനുകള്‍. അതിന് സംവിധായകനും കൂടെ അഭിനയിച്ചവരും പൂര്‍ണ പിന്തുണയും നല്കി.
പുതിയ പ്രോജക്ടുകള്‍
ഋതത്തിനു ശേഷം രണ്ട് സിനിമകള്‍ കൂടി പൂര്‍ത്തിയാക്കി, ഉടന്‍ അത് റിലീസ് ചെയ്യും. ഇപ്പോള്‍ മറ്റൊരു സിനിമയുടെ ഷൂട്ടിംഗിലാണ്. നല്ല കഥാപാത്രങ്ങള്‍ ഉള്ള സിനിമയുടെ കഥ കേള്‍ക്കുകയാണ്, പറ്റിയ സിനിമകള്‍ ചെയ്യും. കഥാപാത്ര തെരഞ്ഞെടുപ്പ് വളരെ ആവശ്യമാണ്. കൂടുതല്‍ സിനിമയല്ല, നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്ന സിനിമയാണ് എന്റെ ലക്ഷ്യം. ആ ഒരു വലിയ സ്വപ്നത്തിലേക്കുള്ള കാത്തിരിപ്പിലാണ് ഞാന്‍.
കുടുംബവിശേഷം
പത്തനംതിട്ട ജില്ലയിലെ അടൂരാണ് സ്വദേശം അച്ഛൻ കണ്ണൻ ബിസിനസ് മേഖലയിലാണ്. അമ്മ ജിഷ. ഞങ്ങളുടെ കുടുംബം സിനിമയെ സ്നേഹിക്കുന്നവരാണ്. സിനിമയിലേക്ക് വരാൻ കാരണം പ്രധാനമായും അച്ഛനാണ്. അമ്മയും നല്ല പിന്തുണ നൽകുന്നു.