കൽപ്പറ്റ: വയനാട് കളക്ടറുടെയും ഐടിഡിപി പ്രൊജക്ട് ഓഫീസറുടെയും സംയുക്ത ട്രഷറി അക്കൗണ്ടിൽനിന്നു പിൻവലിച്ച 21.18 കോടി രൂപ ധന വകുപ്പ് തിരികെ നിക്ഷേപിക്കാത്തത് വന്യജീവി സങ്കേതത്തിലെ കേന്ദ്രാവിഷ്കൃത സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി അനിശ്ചിതത്വത്തിലാക്കി.
വന്യജീവി സങ്കേതത്തിലെ ജനവാസകേന്ദ്രങ്ങൾ ഒഴിപ്പിച്ചെടുക്കുന്നതിനു ആവിഷ്കരിച്ച സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെട്ടതിൽ മുത്തങ്ങ റേഞ്ചിലെ ചെട്ട്യാലത്തൂർ ഗ്രാമത്തിലുള്ള 230 യോഗ്യതാകുടുംബങ്ങൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ട്രഷറിയിൽ നിക്ഷേപിച്ച 18.48 കോടി ഉൾപ്പെടെയാണ് ധനവകുപ്പ് ജനുവരി ഒന്നിനു പിൻവലിച്ചത്.
തുക തിരികെ നിക്ഷേപിക്കണമെന്ന് അഭ്യർഥിച്ച് ജില്ലാ കളക്ടർ ജനുവരി 23നു ധനവകുപ്പ്(സ്ട്രീം ലൈനിംഗ്) പ്രിൻസിപ്പൽ സെക്രട്ടറിക്കും വനം-വന്യജീവി(ഡി) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും കത്ത് അയച്ചെങ്കിലും ഫലം ഉണ്ടായില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജില്ലയിലെ എംഎൽഎമാരും ധനവകുപ്പിൽ നടത്തിയ ഇടപെടലും വെറുതെയായി. ഈ സാഹചര്യത്തിൽ ശക്തമായ പ്രക്ഷോഭത്തിനു ഒരുങ്ങുകയാണ് ചെട്ട്യാലത്തൂരിലെ പദ്ധതി ഗുണഭോക്താക്കൾ.
ഒരാഴ്ചക്കകം തുക ലഭിച്ചില്ലെങ്കിൽ ജില്ലാ കളക്ടറേറ്റ്, വൈൽലൈഫ് വാർഡന്റെ കാര്യാലയം, ജില്ലാ ട്രഷറി എന്നിവിടങ്ങളിലേക്ക് ഗുണഭോക്തൃ കുടുംബങ്ങൾ താമസം മാറ്റുമെന്ന് ചെട്ട്യാലത്തൂർ പുരനധിവാസ സമിതി പ്രതിനിധികളായ ടി.വി. ശ്രീധരൻ, സിനി രമേശ്, ഗീതു വിദ്യാധരൻ, ലക്ഷ്മി സുരേന്ദ്രൻ, സി. ബാലൻ എന്നിവർ പറഞ്ഞു. കൈവശഭൂമിയുടെയും വീടിന്റെയും പ്രമാണങ്ങളും തുക കിട്ടിയതായി സമ്മതിച്ച് മുദ്രപ്പത്രത്തിലെഴുതിയ സത്യവാങ്മൂലവും ഗുണഭോക്തൃകുടുംബങ്ങൾ ആറു മാസം മുന്പ് വനം വകുപ്പിനു കൈമാറിയതാണ്. കൈവശഭൂമിയിൽ നിയമപരമായ അവകാശം ഇല്ലാത്ത അവസ്ഥയിലാണ് കുടുംബങ്ങൾ.
ചെട്ട്യാലത്തൂരിലെ യോഗ്യതാകുടുംബങ്ങൾക്കായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2017 മാർച്ച് ആറിനാണ് തുക അനുവദിച്ചത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ അതേമാസം 13നു ഫണ്ട് ജില്ലാ കളക്ടറുടെയും ഐടിഡിപി പ്രൊജക്ട് ഓഫീസറുടെയും സംയുക്ത അക്കൗണ്ടിൽ ട്രഷറിയിൽ നിക്ഷേപിച്ചു.
2017ൽ തുക മാർഗനിർദേശത്തിനു വിരുദ്ധമായി സംയുക്ത അക്കൗണ്ടിൽ ട്രഷറിയിൽ നിക്ഷേപിച്ചു. പിൻവലിച്ച തുക തിരികെ ട്രഷറിയിൽ നിക്ഷേപിക്കണമെന്ന് അഭ്യർഥിച്ച് ചെട്ട്യാലത്തൂർ പുനരധിവസ കമ്മിറ്റി പ്രതിനിധികൾ ധനമന്ത്രിയെയും വകുപ്പ് സെക്രട്ടറിയെയും നേരിൽക്കണ്ട് നിവേദനം നൽകിയിട്ടും പുരോഗതിയുണ്ടായിട്ടില്ല.