സ്ത്രീകളുടെ പ്രൊഫൈല്‍ ലിങ്കുകളും ഫോണ്‍നമ്പറും പ്രചരിപിക്കും ! പോസ്റ്റുകള്‍ക്ക് കീഴില്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന രീതിയിലുള്ള കമന്റുകളും;’അധോലോക’ത്തിന്റെ പ്രവര്‍ത്തനം ഇങ്ങനെ…

കൊച്ചി: സ്ത്രീകളുടെ ഫോണ്‍നമ്പറും പ്രൊഫൈല്‍ ലിങ്കുകളും കണ്ടെത്തി പ്രചരിപ്പിക്കുക. അവര്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് കീഴില്‍ അശഌല കമന്റുകളും ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന രീതിയിലുള്ള അപവാദ പ്രചരണവും നടത്തുക തുടങ്ങിയ അസന്മാര്‍ഗിക പ്രവൃത്തികള്‍ ചെയ്യുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് നിരീക്ഷണത്തില്‍. അധോലോകം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇത്തരം പ്രചരണങ്ങള്‍ അരങ്ങുതകര്‍ക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ അശ്ലീലവും അപവാദവും പറഞ്ഞുപരത്തിയ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിനെതിരേ പരാതി നല്‍കിയ യുവതിയെ അധോലോകം ഭീഷണിപ്പെടുത്തിയതായാണ് വിവരം. യുവതിയുടെ പരാതിയില്‍ അധോലോകം വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനായുള്ള അന്വേഷണം തുടങ്ങി. ഗ്രൂപ്പിന്റെ അഡ്മിന് എതിരേയാണ് പ്രാഥമിക അന്വേഷണം. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ലിങ്കുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേയും കേസ് വന്നേക്കും.

രാഷ്ട്രീയ വിയോജിപ്പ് ഉള്ളവരേയും വിരുദ്ധ നിലപാടുകള്‍ ഉറച്ചുപറയുന്ന പെണ്‍കുട്ടികളേയും സൈബര്‍ അശ്ലീല ആക്രമണത്തിലൂടെ തകര്‍ക്കുകയാണ് അധോലോകം ഫേസ്ബുക്ക് ഗ്രൂപ്പിന്റെ രീതി. ഇന്ത്യയിലും വിദേശത്തുമായി ജോലിചെയ്യുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് ശേഷം അശ്ലീലവും അപവാദവും പറഞ്ഞ് ആസ്വദിക്കുകയും ഇവരെ ലൈംഗികമായി ഉപയോഗിച്ചതായി പ്രചരിപ്പിക്കുകയുമാണ് ഗ്രൂപ്പിന്റെ രീതി. സമൂഹ മാധ്യമങ്ങളില്‍ സജീവമാകുന്ന പെണ്‍കുട്ടികളെയാണ് ഇവര്‍ ഇരയാക്കുന്നത്.

ഗ്രൂപ്പിന് ഇരയായ ശാസ്താംകോട്ട സ്വദേശിനിയാണ് പോലീസില്‍ ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് ഗ്രൂപ്പിനെതിരേ കൊല്ലം, എറണാകുളം, കോട്ടയം സ്വദേശിനികളായ പെണ്‍കുട്ടികള്‍ ജില്ലാ പോലീസ് മേധാവികള്‍ക്കും സൈബര്‍സെല്ലിനും തെളിവു സഹിതം പരാതി നല്‍കിയിട്ടുണ്ട്.

ചില ട്രോള്‍ ഗ്രൂപ്പുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ് അധോലോകം അശ്ലീലസംഘത്തിലെ അംഗങ്ങളെന്ന് പരാതിക്കാരായ പെണ്‍കുട്ടികള്‍ പറയുന്നു. എന്തെങ്കിലും പോസ്റ്റ് ഇട്ടാലുടനെ നിരവധി മോശം കമന്റുകള്‍ അതിനു താഴെ വന്നതോടെയാണ് സംശയമുണ്ടായത്.

ഫേസ്ബുക്കിലെ ചില സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ പ്രതികരിച്ചതും സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞതുമാണ് തന്നെ അപമാനിക്കാന്‍ കാരണമായതെന്ന് ആദ്യ പരാതിക്കാരി പറഞ്ഞു. പെണ്‍കുട്ടികളുടെ ഫോണിലും സോഷ്യല്‍ മീഡിയ ഇന്‍ബോക്‌സുകളിലും അശ്ലീല സന്ദേശങ്ങള്‍ നിറയ്ക്കുവാനായി അധോലോകം പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറുകളും സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ലിങ്കുകളും പ്രചരിപ്പിക്കുന്നുമുണ്ട്. ഗ്രൂപ്പിനെതിരേ അന്വേഷണം തുടങ്ങിയതോടെ പരാതി നല്‍കിയ പെണ്‍കുട്ടികള്‍ക്കെതിരേ നിരന്തരം ഭീഷണികോളുകള്‍ വരുന്നുണ്ട്.

Related posts