വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനിലെ ഒടിയൻ മാണിക്യന്റെ യൗവന കാലഘട്ടം അവതരിപ്പിക്കുവാനായി കഠിന വ്യായാമത്തിലൂടെ മോഹൻലാൽ നേടിയ പുതിയ ലുക്കിനെ കുറിച്ചാണ് മലയാള സിനിമ ഇൻഡസ്ട്രിയിൽ നാളുകളായി തുടരുന്ന സംസാരം.
ഇപ്പോഴിത മകൻ പ്രണവിനൊപ്പം വ്യായാമം ചെയ്യുന്ന മോഹൻലാലിന്റെ ചിത്രമാണ് സോഷ്യൽ മീഡിയായിൽ ഹിറ്റായി മാറുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ ചിത്രം പങ്കുവെച്ചത്. കുറച്ചുകൂടി എനർജറ്റിക് ആയ താരത്തെയാണ് ചിത്രത്തിൽ കാണാനാകുന്നത്.
ഒടിയന്റെ അവസാന ഷെഡ്യൂൾ നടന്നുവരികയാണ്. ആന്റണി പെരുന്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത് ഹരികൃഷ്ണനാണ്. പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരാണ് ഒടിയനിലെ മറ്റ് പ്രധാനകഥാപാത്രങ്ങൾ.
അതേസമയം, പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ആദി റിലീസിംഗിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ ടീസറും ഗാനവും പുറത്തുവിട്ടിരുന്നു. ജിത്തു ജോസഫാണ് ആദിയുടെ സംവിധായകൻ.