കോൽക്കത്ത: 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ ആദ്യ ജയം കൊതിച്ചിറങ്ങിയ ഇന്ത്യക്ക് നിരാശ. നീലക്കടുവകളെ ബംഗ്ലാദേശ് സമനിലയിൽ കുരുക്കി. ഇരുപകുതികളിലായി വീണ ഗോളുകളിൽ ഇരുടീമും സമനിലപാലിച്ചു.
മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ച ഇന്ത്യ ബംഗ്ലാദേശിന്റെ പ്രതിരോധപൂട്ടിൽ കുരുങ്ങുകയായിരുന്നു. ഖത്തറിനെ ഗോൾ രഹിത സമനിലയിൽ കുരുക്കിയ ആത്മവിശ്വാസവുമായി ഇറങ്ങിയ ഇന്ത്യയെ ബംഗ്ലാദേശ് ആദ്യപകുതിയിൽ തന്നെ ഞെട്ടിച്ചു. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ സാദുദീൻ കോൽക്കത്ത സ്റ്റേഡിയത്തിലെ ഇന്ത്യൻ ആരവങ്ങൾക്കുമേൽ വെള്ളിടിയായി. ബോക്സിനു വെളിയിൽ ഇടത് പാർശ്വത്തിൽനിന്നും വന്ന ഫ്രീകിക്കിന് സാദുദീൻ ചാടി തലവച്ചു. സാദുദീന്റെ ഫ്രീ ഹെഡ്ഡർ വലയിൽ. കോൽക്കത്ത സ്റ്റേഡിയം നിശബ്ദമായി.
ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്. ബോക്സിലേക്ക് ഉയർന്നുവന്ന പന്തിനെ തട്ടിയകറ്റാൻ ശ്രമിച്ച സന്ധുവിന് പിഴച്ചു. പന്തിന്റെ ഗതി മനസിലാക്കാതെ ചാടിയ സന്ധുവിനെയും കടന്ന പന്ത് സാദുദീനിലേക്ക്. ഗോളിയില്ലാ പോസ്റ്റിൽ സാദുദീന്റെ ഫ്രീ ഹെഡ്ഡർ. ഇന്ത്യയുടെ ഞെട്ടൽ മാറുംമുൻപെ ആദ്യ പകുതിക്ക് വിസിൽ വീണു.
രണ്ടാം പകുതിയും ഇന്ത്യ ആക്രമിച്ച് കളിച്ചെങ്കിലും ഫലം കണ്ടില്ല. കടുത്ത പ്രതിരോധം തീർത്ത് ബംഗ്ലാദേശ് ഇന്ത്യയെ സമ്മർദത്തിലാക്കി. കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ തലയിൽ കിട്ടിയ അടി തലകൊണ്ടു തന്നെ ഇന്ത്യ വീട്ടി. കോർണർകിക്കിൽനിന്ന് ഹെഡ്ഡർ ഗോളിലൂടെ ആദിൽ ഖാൻ ഇന്ത്യയുടെ മാനം കാത്തു. 88 ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ അഭിമാനം കാത്ത ഗോൾ പിറന്നത്.